കുന്നംകുളം: തുറക്കുളം മത്സ്യലേല മാർക്കറ്റിൽ അഴുകിയ മത്സ്യം വിൽക്കുന്നതായി പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമെന്ന് മത്സ്യമാർക്കറ്റ് സംയുക്ത കോഡിനേഷൻ കമ്മിറ്റി നേതാക്കൾ. മത്സ്യസംസ്‌കരണത്തിന് വേണ്ടി മാർക്കറ്റിന് സമീപത്തെ സ്വകാര്യ സ്ഥലത്ത് മത്സ്യത്തിനൊപ്പം ഐസ് നിറയ്ക്കുന്നത് ചിത്രീകരിച്ചാണ് അഴുകിയ മത്സ്യം വിൽപ്പനക്കെത്തിക്കുന്നതായി ആരോപിച്ച് വീഡിയോ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ ശബ്ദത്തോടെ തൊഴിലാളികൾ പണിയെടുക്കുന്നതിന്റെ വീഡിയോ പ്രചരിപ്പിക്കാൻ തുടങ്ങിയത്. പഴകിയതും അഴുകിയതുമായ മത്സ്യമാണ് ഭക്ഷിക്കാൻ നൽകുന്നതെന്നായിരുന്നു ആരോപണം. മാർക്കറ്റ് പ്രവർത്തിക്കുന്ന ദിവസങ്ങളിൽ രാവിലെ ആറര വരെയെത്തുന്ന മത്സ്യമാണ് ഇവിടെ ലേലം ചെയ്ത് നൽകുന്നത്. സമയം കഴിഞ്ഞെത്തുന്നതും അവശേഷിക്കുന്നതുമായ മത്സ്യം അതേ ദിവസം തിരിച്ചു കൊണ്ടുപോയി വൈകീട്ടുള്ള മാർക്കറ്റുകളിൽ വിറ്റഴിക്കാറുണ്ട്.
മാർക്കറ്റിൽനിന്ന് മത്സ്യം വാങ്ങി വീടുകളിലെത്തിച്ച് വിൽക്കുന്ന ചെറുകിട കച്ചവടക്കാരെയാണ് വ്യാജവീഡിയോ പ്രചാരണം ദോഷകരമായി ബാധിക്കുന്നത്. ഒട്ടേറെ പേർ ഇതിന്റെ സത്യാവസ്ഥ ചോദിക്കുകയും മത്സ്യം വാങ്ങാതിരിക്കുകയും ചെയ്യുന്നുണ്ട്.
സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ മത്സ്യത്തിന്റെ അവശിഷ്ടങ്ങൾ ശേഖരിച്ച് വളം നിർമാണത്തിനും മറ്റുമായി നൽകുന്ന സ്ഥാപനം പ്രവർത്തിക്കുന്നുണ്ട്. മത്സ്യാവശിഷ്ടങ്ങൾ ഐസ് നിറച്ച് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് തയ്യാറാക്കുമ്പോഴാണ് വീഡിയോ എടുത്തതെന്നാണ് അന്വേഷിച്ചപ്പോൾ അറിയാനായതെന്ന് നേതാക്കൾ പറഞ്ഞു.
തുറക്കുളം മാർക്കറ്റിൽ ഉത്സവകാലങ്ങളിലും പരാതികൾ ലഭിക്കുമ്പോഴും ഭക്ഷ്യസുരക്ഷാ വകുപ്പിലെയും നഗരസഭയിലെ ആരോഗ്യ വിഭാഗത്തിലെയും ഉദ്യോഗസ്ഥരെത്തി സാമ്പിളുകൾ എടുക്കാറുണ്ട്. അവരുടെ നിർദേശങ്ങൾ കൂടി പാലിച്ചാണ് മത്സ്യലേലം നടത്തുന്നത്. മാർക്കറ്റുമായി ബന്ധമില്ലാത്ത വീഡിയോ പ്രചരിപ്പിക്കുന്നതിലൂടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിനും നൂറുകണക്കിനാളുകളുടെ ഉപജീവനമാർഗം ഇല്ലാതാക്കുന്നതിനുമാണ് ശ്രമിക്കുന്നത്.
ഇത്തരക്കാരുടെ പേരിൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കോഡിനേഷൻ കമ്മിറ്റി നേതാക്കളായ പി.കെ. നൗഷാദ്, പി.കെ. സുബൈർ, ലത്തീഫ് പെരുമ്പിലാവ് എന്നിവർ പറഞ്ഞു.