ചാവക്കാട്: സംസ്ഥാനത്തെ മികച്ച താലൂക്കാശുപത്രിക്കുള്ള കായകല്‍പ് പുരസ്കാരം ചാവക്കാട് താലൂക്ക് ആശുപത്രിക്ക്. സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവാര്‍ഡായ കായകല്‍പ് പുരസ്കാരത്തിനാണ് ചാവക്കാട് താലൂക്കാശുപത്രിയെ തിരഞ്ഞെടുത്തത്. താലൂക്ക് ആശുപത്രികളുടെ മാനദണ്ഡ പരിശോധനയില്‍ ചാവക്കാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി 89.09 ശതമാനം മാർക്കുമായാണ് ഒന്നാം സ്ഥാനം നേടിയത്. 15 ലക്ഷം രൂപയാണ് അവാര്‍ഡ് തുക. നിരവധി വികസന പ്രവര്‍ത്തനങ്ങളും രോഗി സൗഹാര്‍ദ്ദപ്രവര്‍ത്തനങ്ങളുമാണ് മികച്ച നേട്ടങ്ങളിലേക്ക് ആശുപത്രിയെ നയിച്ചത്. ചാവക്കാട് താലൂക്കിലെ 16- ഓളം പഞ്ചായത്തുകളിലെയും രണ്ട് നഗരസഭകളിലെയും ജനങ്ങൾ ചികിത്സക്കായി പ്രധാനമായും ആശ്രയിക്കുന്ന ആതുര ശുശ്രൂഷ കേന്ദ്രമാണ് ചാവക്കാട് താലൂക്ക് ആശുപത്രി. പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ ഗുരവായൂർ ക്ഷേത്രം, പാലയൂർ പള്ളി – മണത്തല ജുമാ മസ്ദിജ് എന്നിവ ഈ താലൂക്കാശുപത്രി സേവനം നൽകി വരുന്ന മേഖലയിൽ ഉൾപെടുന്നു. തൃശൂരിന്റെ പടിഞ്ഞാറൻ തീരദേശ മേഖലയായ ഈ പ്രദേശത്തെ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ചികിത്സക്കായുള്ള പ്രധാന അത്താണിയാണ് ഈ ആതുരാലയം. നിലവിൽ ശരാശരി 600 ഓളം പേർ ദിനംപ്രതി ചികിത്സക്കായി ഇവിടെയെത്തുന്നുണ്ട്. അസ്ഥിരോഗം, ഇഎൻടി, സ്ത്രീ രോഗം, ശിശുരോഗം, ജനറൽ സർജറി, ജനറൽ മെഡിസിൻ, ഡെന്റൽ, ഓപ്ത്താൽമോളജി എന്നീ വിഭാഗങ്ങളിലായി സർജറി ഉൾപ്പടെയുള്ള സേവനങ്ങള്‍ നല്‍കുന്നു. സർക്കാരിന്റെ വിവിധ ഫണ്ടുകള്‍, എംഎൽഎ ഫണ്ട്, എൻഎച്ച്എം ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് തുടങ്ങിയവ ഉപയോഗിച്ച് വിപ്ലവാത്മകമായ പുരോഗതിയാണ് സമീപ കാലങ്ങളിലായി ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നടന്നത്. മികച്ച രീതിയിലുള്ള അത്യാധുനിക പ്രസവ ശുശ്രൂഷാ സമുച്ചയം, ആരോഗ്യ വകുപ്പിന്റെ പ്ലാൻ ഫണ്ട് 2 കോടി 46 ലക്ഷം രൂപ ചിലവഴിച്ച് തുറന്ന് നല്‍കിയതോടെ പ്രസവ ചികിത്സക്കും കുട്ടികളുടെ ചികിത്സക്കുമായി സ്വകാര്യ ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്ന നൂറ് കണക്കിനാളുകള്‍ക്ക് ഉപകാരപ്രഥമാകാന്‍ കഴിഞ്ഞു. ഈ കെട്ടിടത്തിന്റെ മുകളിൽ 2 നിലകളിലായി ആരോഗ്യ വകുപ്പിന്റെ തന്നെ പ്ലാൻ ഫണ്ടായ 3 കോടി 60 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മികച്ച രീതിയിലുള്ള വനിത – ശിശു ശുശ്രൂഷ കേന്ദ്രവും കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പിനായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയുള്ള പൊതുജനാരോഗ്യ വിഭാഗവും സേവന സജ്ജമാണ്. എൻഎച്ച്എം ഫണ്ടിൽ നിന്നും ട്രൂനാറ്റ് ലാബ്, സെൻട്രൽ ഓക്സിജൻ സിസ്റ്റം, പവർ ലോൺ ട്രി എന്നിവ യാഥാര്‍ത്ഥ്യമാക്കാനായതും ആശുപത്രിയുടെ സേവനം കാര്യക്ഷമമാക്കാന്‍ സഹാകരമായി. കോവിഡ് ഐടിയു, ഒ പി കാത്തിരുപ്പ് കേന്ദ്രം, 8 ഡയാലിസിസ് ബഡ്ഡുകൾ ആധുനീക മെഷീൻ അടക്കമുള്ള ഡയാലിസിസ് സെന്റർ, ജലശുദ്ധീകരണ പ്ലാന്റ്, ഫുള്ളി ഓട്ടോമാറ്റിക് അനലൈസർ, തൈറോയ്ഡ് ടെസ്റ്റ് മെഷിൻ എന്നിവ സ്ഥാപിച്ച് 24 മണിക്കൂറും സേവനം നൽകുന്ന മികച്ച ലാബ്, ഫിസിയോ തെറാപ്പി യൂണിറ്റ്, ദ്രവ മാലിന്യ പ്ലാന്റ് എന്നിങ്ങനെ മികച്ച സൗകര്യങ്ങളുള്ള ഏതൊരു സ്വകാര്യ ആശുപത്രിയോടും കിടപിടിക്കുന്നതാണ് ചാവക്കാട് താലൂക്കാശുപത്രി. വൈദ്യുതി തടസ്സം ഒഴിവാക്കുന്നതിനായി സോളാര്‍പ്ലാന്റും ജനറേറ്ററുകളും പ്രവര്‍ത്തിപ്പിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയാണിത്. ആദ്യഘട്ടത്തില്‍ എം എല്‍ എയായിരുന്ന കെ വി അബ്ദുള്‍ഖാദറും നിലവിലെ എംഎൽഎ എന്‍ കെ അക്ബറും മികച്ച പിന്തുണയാണ് ആശുപത്രിയെ മികവുറ്റതാക്കാന്‍ നല്‍കിയത്. ആശുപത്രിയുടെ നിര്‍വ്ഹണ ചുമതലയുള്ള ചാവക്കാട് നഗരസഭ മികച്ച വികസനപ്രവര്‍ത്തനങ്ങളാണ് ആശുപത്രിയില്‍ നടപ്പിലാക്കിയത്. നബാര്‍ഡ് സഹായത്തോടെ 10.62 കോടി ചിലവഴിച്ച് പുതിയ കാഷ്വാലിറ്റി ക്ലീനിക്ക് കൂടി യാഥാര്‍ത്ഥ്യമാക്കുന്നതോടെ സംസ്ഥാനത്തെ തന്നെ മികച്ച ആശുപത്രിയാകാന്‍ ചാവക്കാട് താലൂക്കാശുപത്രിക്ക് കഴിയുമെന്ന് നഗരസഭ ചെയര്‍പേര്‍സണ്‍ ഷീജപ്രശാന്ത് പറഞ്ഞു.