തൃശൂർ: മലമ്പാമ്പിനെ കൊന്ന് കറി വച്ച സംഭവത്തിൽ തളിയക്കോണം സ്വദേശി അറസ്റ്റിൽ. തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം താമസിക്കുന്ന എലമ്പലക്കാട്ടിൽ രാജേഷ് (42) നെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് പിഡിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രാജേഷിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
പരിശോധന നടത്തുന്ന സമയത്ത് പ്രതി വീട്ടിൽ ഇല്ലായിരുന്നു. തുടർന്ന് വാർഡ് മെമ്പറുടെ സാന്നിധ്യത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ മലമ്പാമ്പിന്റെ ഇറച്ചി വേവിച്ച് വച്ചതായി കണ്ടെത്തിയിരുന്നു. അതേസമയം, പിടിച്ചെടുത്ത മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തളിയക്കോണം പാടശേഖരത്തിൽ നിന്നാണ് ഇയാൾ പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇരിങ്ങാലക്കുട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.