Friday, September 20, 2024

ചേറ്റുവ അഴിമുഖത്തെ മണല്‍തിട്ട അടിയന്തിരമായി നീക്കം ചെയ്യാൻ തീരുമാനം

കടപ്പുറം: ചേറ്റുവ അഴിമുഖത്തെ മണല്‍തിട്ട അടിയന്തിരമായി നീക്കാനും മുനക്കക്കടവ് ഫിഷ്ലാന്‍റിംഗ് സെന്‍ററിന്‍റെ നിലവിലുള്ള വാര്‍ഫിനോട് ചേര്‍ന്ന് ഫ്ലോട്ടിംഗ് ജെട്ടി നിര്‍മ്മിക്കാനും തീരുമാനം. എന്‍.കെ അക്ബർ എം.എൽ.എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുനക്കക്കടവ് മിനി ഹാര്‍ബര്‍ മാനേജ്മെന്‍റ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. സമാന്തര ഹാര്‍ബര്‍ പ്രവര്‍ത്തനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും പോലീസ് സഹായത്തോടെ അനധികൃത പ്രവര്‍ത്തനത്തിനെതിരെ നടപടികള്‍ സ്വീകരിക്കാനും കടപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അടിയന്തിരമായി കക്ഷി ചേരുന്നതിന് ഫിഷറീസ് വകുപ്പ് ഉപഡയറക്ടര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മത്സ്യബന്ധനം കഴിഞ്ഞ ബോട്ടുകള്‍ ഫിഷ് ലാന്‍റിംഗ് സെന്‍ററില്‍ കെട്ടിയിടുന്നതിനെതിരെ നടപടി സ്വീകരിക്കുന്നതിന് കോസ്റ്റല്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഇത് പാലിക്കുന്നതില്‍ കോസ്റ്റല്‍ പോലീസ് വീഴ്ച വരുത്തിയതായി യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എം.എല്‍.എ അതൃപ്തി അറിയിക്കുകയും കര്‍ശന നടപടി സ്വീകരിക്കുന്നതിന് കോസ്റ്റല്‍ പോലീസ് എസ്.എച്ച്.ഒ ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കൂടാതെ ഉള്‍നാടന്‍ മത്സ്യബന്ധനത്തിന് തടസ്സമാകുന്ന രീതിയില്‍ പുഴയില്‍ ആങ്കര്‍ ഇടുന്നതിനെതിരെയും നടപടി സ്വീകരിക്കാന്‍ എം.എല്‍.എ പോലീസിന് നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ഒന്നിലേറെ കാരിയര്‍ വള്ളങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ എറണാകുളം ജില്ലയില്‍ നിലവില്‍ ചെയ്യുന്ന രീതിയില്‍ നടപടികള്‍ സ്വീകരിക്കാന്‍ അസി.ഫിഷറീസ് ഡയറക്ടര്‍ക്കും നിര്‍ദ്ദേശം നല്‍കി. മത്സ്യതൊഴിലാളികളുടെ ഇന്‍ഷൂറന്‍സ് സംബന്ധിച്ച ക്യാമ്പ് നടത്തുന്നതിനും ആയതിന് സോഷ്യല്‍ മീഡിയ പോലുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് വിപുലമായ പ്രചാരണം നടത്തുന്നതിനും രണ്ടു മേഖലകളിലായി മണത്തല സ്കൂള്‍ , ചേറ്റുവ സ്കൂള്‍ എന്നിവിടങ്ങളില്‍ നടത്താനും തീരുമാനിച്ചു.

മുനക്കക്കടവ് ഫിഷ് ലാന്‍റിംഗ് സെന്‍ററിലെ കുടിവെള്ള പ്രശ്നം, സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റപണി എന്നിവ അടിയന്തിരമായി പരിഹരിക്കുന്നതിന് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് എക്സി.എഞ്ചിനീയര്‍ക്ക് എം.എല്‍.എ കര്‍ശന നിര്‍ദ്ദേശം നല്‍കി. കുടിവെള്ള പ്രശ്നം ഉടന്‍ പരിഹരിക്കുമെന്നും ലൈറ്റുകളുടെ അറ്റകുറ്റപണിക്ക് ടെണ്ടര്‍ ആയതായും എക്സി. എഞ്ചിനീയര്‍ യോഗത്തെ അറിയിച്ചു. ഹാര്‍ബര്‍ ശുചീകരണം കുടുംബശ്രീയെ ഏല്‍പ്പിക്കുന്നത് പരിഗണിക്കണമെന്ന് ഫിഷറീസ് ഉപ ഡയറക്ടര്‍ക്ക് എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സാലിഹ ഷൗക്കത്ത്, മെമ്പര്‍മാരായ സമീറ ഷരീഫ, മുഹമ്മദ്, ഫിഷറീസ് ഉപ ഡയറക്ടര്‍ സുഗന്ധകുമാരി, അസിസ്റ്റന്റ് ഫിഷറീസ് ഡയറക്ടര്‍ എം.എഫ് പോള്‍, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സാലി വി ജോര്‍ജ്ജ്, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളായ കെ.എം അലി, ജലാലുദ്ധീന്‍, വി.പി മന്‍സൂര്‍അലി, ഷൌക്കത്തലി, അബ്ദുള്‍ റസാക്ക്, മുജീബ് റഹ്മാന്‍, കെ.എം അഷറഫ്, ഫീഷറീസ്, പോലീസ്, ഹാര്‍ബര്‍ എഞ്ചിനീയറിംഗ്, മത്സ്യഫെഡ് , എം.പി.ഇ.ഡി.എ തുടങ്ങിയവയുടെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments