ഗുരുവായൂർ: എഴുത്തച്ഛന്റെ രാമായണത്തിന് നിത്യജീവിതത്തിൽ ഇന്നും പ്രസക്തിയുണ്ടെന്ന് പ്രശസ്ത സാഹിത്യ നിരൂപകൻ പ്രഫ. ഡോ.എസ്.കെ വസന്തൻ. അഞ്ഞൂറ് വർഷം മുമ്പ് എഴുത്തച്ഛൻ ആവിഷ്കരിച്ച ഭാഷ ഒരു മാറ്റവും ഇല്ലാതെ നില നിൽക്കുന്നു. ഏറെ അതിശയിപ്പിക്കുന്ന ഒന്നാണത്- അദ്ദേഹം അഭിപ്രായപ്പെട്ടു. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച രാമായണം ത്രിദിന ദേശീയസെമിനാറും ചിത്ര പ്രദർശനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ അധ്യക്ഷത വഹിച്ചു . ഗുരുവായൂർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി. ദിനേശൻ നമ്പൂതിരിപ്പാട് മുഖ്യാതിഥിയായി. മുൻ ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് രാമായണത്തിന്റെ തത്വശാസ്ത്രം”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.പ്രപഞ്ചത്തിൻ്റെ ദുഃഖം ശമിപ്പിക്കുകയെന്നതാണ് രാമായണ കാവ്യ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ഭരണസമിതി അംഗം വി.ജി.രവീന്ദ്രൻ, ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പാൾ എം. നളിൻബാബു, പബ്ലിക്കേഷൻ അസി. മാനേജർ കെ.ജി.സുരേഷ് കുമാർ,കലാനിലയം സൂപ്രണ്ട് മുരളി പുറനാട്ടുകര എന്നിവർ സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെമിനാറിൽ ഡോ.എൻ . കെ സുന്ദരേശ്വരൻ, എൻ.ജയകൃഷ്ണൻ, വി.കെ അനിൽ കുമാർ എന്നിവർ സെമിനാറിൽ വിഷയം അവതരിപ്പിച്ചു. സെമിനാർ നാളെ സമാപിക്കും.