Thursday, November 21, 2024

തൊഴിലുറപ്പിലെടുത്ത മഴക്കുഴിയിൽ കണ്ടത് സ്വര്‍ണം, വെള്ളി ശേഖരം

ശ്രീകണ്ഠപുരം: ചെങ്ങളായിയിൽ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് സ്വർണം, വെള്ളി ശേഖരം കിട്ടി. പരിപ്പായി ഗവ. യു.പി. സ്കൂളിന് സമീപത്തെ പുതിയപുരയിൽ താജുദ്ദീന്റെ റബ്ബർത്തോട്ടത്തിൽനിന്നാണ് ഇവ ലഭിച്ചത്. 17 മുത്തുമണി, 13 സ്വർണലോക്കറ്റുകൾ, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങൾ, പഴയകാലത്തെ അഞ്ച് മോതിരങ്ങൾ, ഒരുസെറ്റ് കമ്മൽ, നിരവധി വെള്ളിനാണയങ്ങൾ, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു വസ്തു എന്നിവയാണ് ലഭിച്ചത്. ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ റബ്ബർത്തോട്ടത്തിൽ മഴക്കുഴിക്കായി ഒരുമീറ്റർ ആഴത്തിൽ കുഴിയെടുത്തപ്പോഴാണ് ഇവ ലഭിച്ചത്. ചിതറക്കിടക്കുന്ന നിലയിലായിരുന്നു ആഭരണങ്ങളും നാണയങ്ങളും. തുടർന്ന് തൊഴിലാളികൾ പോലീസിൽ വിവരമറിയിച്ചു. ശ്രീകണ്ഠപുരം എസ്.ഐ. എം.വി.ഷീജുവിന്റെ നേതൃത്വത്തിലെത്തിയ പോലീസ് സ്വർണം, വെള്ളി ശേഖരം കസ്റ്റഡിയിലെടുത്തു.
ഇവ തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. പുരാവസ്തുവകുപ്പിനെയും വിവരമറിയിച്ചിട്ടുണ്ട്. പുരാവസ്തുവകുപ്പിന്റെ പരിശോധനയിൽ മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളൂ. കണ്ടെടുത്ത സ്വർണാഭരണങ്ങൾക്കും വെള്ളിനാണയങ്ങൾക്കും ഏറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments