ചാവക്കാട്: യമൻ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിനായുള്ള പ്രവർത്തനങ്ങളിൽ കൈകോർക്കണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അഭ്യർത്ഥിച്ചു. നിമിഷ പ്രിയയുടെ മോചനത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണ്.
സുപ്രീംകോടതി അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ മുഖേന ദില്ലി ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയെ തുടർന്നാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിക്ക് . യമനിലെത്തി മകളെ കാണാൻ കഴിഞ്ഞത്. ഇന്ത്യൻ പൗരനായ സാമൂവൽ ജെറോം ആണ് യമനി പണ്ഡിതരും അഭിഭാഷകരുമായി ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത്. യമനിലെ പ്രത്യേക രാഷ്ട്രീയ പരിതസ്ഥിതിയിൽ ആ രാജ്യത്തിന് പുറത്ത് ജിബൂട്ടിയിലാണ് ഇന്ത്യൻ നായതന്ത്ര കാര്യമാലയം പ്രവർത്തിക്കുന്നത്.
ആക്ഷൻ കൗൺസിൽ സ്വരൂപിച്ച തുക ഇന്ത്യൻ എംബസി വഴി നൽകിയത് വിനിയോഗിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കൗൺസിലിന്റെ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ നൽകുന്നതിനും പ്രവാസി സംഘം തീരുമാനിച്ചിട്ടുണ്ട്. മറ്റ് സംഘടനകളുടെയും ഉദാരമതികളായ വ്യക്തികളുടെയും സഹായങ്ങൾ ഉണ്ടാകണമെന്ന് പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൽ ഖാദർ പറഞ്ഞു.