ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതസപ്താഹം,ഭക്തി പ്രഭാഷണം എന്നിവയുടെ സമർപ്പണത്താൽ പുകൾപെറ്റ ആദ്ധ്യാത്മിക ഹാൾ നവീകരണം പൂർത്തിയാക്കി ശ്രീഗുരുവായൂരപ്പന് സമർപ്പിച്ചു. പന്തീരടി പൂജയ്ക്ക് ശേഷം നടന്ന ചടങ്ങിലായിരുന്നു സമർപ്പണം. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നാടമുറിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. ആദ്ധ്യാത്മിക ഹാൾ മണ്ഡപത്തിലെ ശ്രീഗുരുവായൂരപ്പ വിഗ്രഹത്തിന് മുന്നിലെ നിലവിളക്കിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.
ചുമർചിത്രങ്ങളുടെ നേത്രോന്മീലനം ദേവസ്വം ചെയർമാൻ നിർവ്വഹിച്ചു.ദേവസ്വം ഭരണസമിതി അംഗങ്ങളായ വി.ജി.രവീന്ദ്രൻ, കെ.പി വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി വിനയൻ , ആദ്ധ്യാത്മിക ഹാൾ മോടിപിടിപ്പിച്ച് നവീകരിക്കാനുള്ള പ്രവൃത്തി വഴിപാടായി സമർപ്പിച്ച ബംഗളൂരു മല്ലേശ്വരം സപ്താഹ മണ്ഡലിയുടെ ഭാരവാഹി ശ്രീരംഗനാഥൻ, അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങൾ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. നാരായണാലയം വകയായാണ് ശ്രീഗുരുവായൂരപ്പ വിഗ്രഹം സമർപ്പിച്ചത്.
നവീകരിച്ച ആദ്ധ്യാത്മിക ഹാളിന് ദൃശ്യ ചാരുത പകരുന്നത് ചുമർചിത്രങ്ങളാണ്. ശ്രീമദ് ഭാഗവതത്തിലെ വിവിധ കഥാ സന്ദർഭങ്ങൾ കോറിയിടുന്ന ചിത്രങ്ങളാണ് ആദ്ധ്യാത്മിക ഹാളിന് പുതുശോഭയേകുന്നത്. ഗുരുവായൂർ ദേവസ്വം ചുമർ ചിത്ര പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ചുമർചിത്രം ഒരുക്കിയത്. ഹാളിന്റെ ഒരു ഭാഗത്ത് നൈമിശാരണ്യത്തിൽ സന്നിഹിതരായ മഹർഷിമാർക്ക് ശുകമഹർഷി ഭാഗവതം ഉപദേശിക്കുന്നതും മറുഭാഗത്ത് രുക്മിണി സ്വയംവരവും ഏഴടി നീളത്തിലും അഞ്ചടി ഉയരത്തിലും ചിത്രീകരിച്ചിട്ടുണ്ട്.
ആദ്ധ്യാത്മിക ഹാളിൽ ഭക്തർക്ക് ഇരിക്കാനും ഭാഗവത പാരായണം നടത്താനും 50 നവീന മോഡൽ കസേരയുമുണ്ട്. കഴിഞ്ഞ ദിവസമാണ് ദേവസ്വം എ.സി സജ്ജീകരിച്ച് ആദ്ധ്യാത്മിക ഹാൾ ശീതീകരിച്ചത്.