ചാവക്കാട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകന് 9 വർഷം കഠിന തടവും 15000 രൂപ പിഴയും ശിക്ഷ. ചാവക്കാട് എടക്കഴിയൂർ നാലാം കല്ല് കിഴക്കത്തറ ഷാഫി (30) യെയാണ് ചാവക്കാട് അസിസ്റ്റൻ്റ് സെഷൻസ് കോടതി വിവിധ വകുപ്പുകളിൽ ആയി 9 കൊല്ലം കഠിന തടവിനും 15000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. ഈ കേസിലെ ഒന്നും, മൂന്നും, പ്രതികളും എസ്.ഡി.പി.ഐ പ്രവർത്തകരുമായ എടക്കഴിയൂർ നാലാംകല്ലിൽ തൈപ്പറമ്പിൽ മുബിൻ(23) എടക്കഴിയൂർ നാലാം കല്ലിൽ താമസിക്കുന്ന പുളിക്ക വീട്ടിൽ നസീർ (26)എന്നിവരെ നേരത്തെ 9 വർഷം തടവിനും 30,000 രൂപ പിഴ അടക്കാനും ശിക്ഷിച്ചിരുന്നു. ഈ സമയം രണ്ടാം പ്രതിയായ ഷാഫി ഒളിവിലായിരുന്നു.
2018 ഏപ്രിൽ 26 നായിരുന്ന കേസിനാസ്പദമായ സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ എടക്കഴിയൂർ നാലാംകല്ലിൽ കറുപ്പം വീട്ടിൽ ബിലാൽ, നാലാം കല്ലുള്ള പണിച്ചാംകുളങ്ങര സാദിഖ്, നാലാംകല്ല് മനയത്ത് നഹാസ് എന്നിവർ ചാലിൽ കരീം എന്നയാളുടെ പറമ്പിൽ സംസാരിച്ചുകൊണ്ടിരിക്കെ മാരകായുധങ്ങളുമായി എത്തിയ സംഘം ബിലാലിനെ വെട്ടുകയും അടിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷൻ കേസ് ബിലാലും മൂന്നാം പ്രതിയായ നസീറും മുമ്പ് വാക്ക് തർക്കം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിലാൽ ചാവക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേ തുടർന്നുള്ള വിരോധം വച്ചാണ് പ്രതികൾ ആക്രമണം നടത്തിയത്. പരിക്കേറ്റ ബിലാലിനെ മുതുവട്ടൂർ രാജ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഒന്നാം പ്രതി മുബിൻ പുന്ന നൗഷാദ് കൊലപാതക കേസിലെ ഒന്നാം പ്രതിയാണ് . പിഴ സംഖ്യ മുഴുവൻ പരിക്കേറ്റ ബിലാലിന് നൽകാൻ വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. വിചാരണ വേളയിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 28 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകൾ നിരത്തുകയും ചെയ്തു. കേസ്സിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.ആർ രജിത്കുമാർ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി തൃശ്ശൂർ സിറ്റി കോർട്ട് ലൈസൻ ഓഫീസറായ സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.ജെ സാജനും പ്രവർത്തിച്ചിരുന്നു.