കടപ്പുറം: കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം അനുഭവപ്പെട്ടിട്ടും കരിങ്കൽ ഭിത്തി നിർമ്മാണത്തിൽ എൻ.കെ അക്ബർ എം.എൽ.എ വാഗ്ദാനങ്ങൾ മാത്രം നൽകുകയാണെന്ന ആരോപണവുമായി യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. കഴിഞ്ഞ ദിവസം അഞ്ചങ്ങാടി വളവ്, മൂസാറോഡ് എന്നീ പ്രദേശങ്ങളിൽ കടൽക്ഷോഭം അനുഭവപ്പെട്ടിരുന്നു. അഞ്ചങ്ങാടി വളവിലെ ഇരുനില കെട്ടിടം ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ്. കൂടാതെ ഓട്ടോ പാർക്കിലേക്ക് വെള്ളം കയറിയത് മൂലം ഓട്ടോറിക്ഷകൾ എല്ലാം മറ്റൊരു സ്ഥലത്ത് പാർക്ക് ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. കടപ്പുറം പഞ്ചായത്തിന്റെ തീര പ്രദേശങ്ങളിൽ കരിങ്കൽ ഭിത്തി നിർമ്മിക്കുമെന്ന എം.എൽ.എയുടെ വാഗ്ദാനം ഇതുവരെ നിറവേറിയിട്ടില്ല. കടൽ ക്ഷോഭമുണ്ടായാൽ ഉദ്യോഗസ്ഥരെത്തി കരിങ്കൽ ഭിത്തി നിർമ്മാണത്തിന് അളവെടുക്കുകയും എം.എൽ.എ പ്രസ്താവന നടത്തുകയും ചെയ്യുന്നു എന്നതല്ലാതെ യാതൊന്നും ഇവിടെ നടന്നിട്ടില്ലെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി. കടപ്പുറം പഞ്ചായത്തിന്റെ കടൽക്ഷോഭം രൂക്ഷമായ തീര പ്രദേശങ്ങളിൽ പുലിമുട്ടോട് കൂടിയ ടെഡ്രാപോർഡ് ഉൾപ്പെടെയുള്ള സംരക്ഷണ ഭിത്തികൾ കെട്ടി ശാശ്വതമായ പരിഹാരം കാണണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് ഭാരവാഹികളായ പി.എ അഷ്കർ അലി, അലി അഞ്ചങ്ങാടി ഷബീർ പുതിയങ്ങാടി എന്നിവർ പറഞ്ഞു.