കുന്നംകുളം: യൂത്ത് കോൺഗ്രസ്സ് നേതാവിനെ പോലീസ് സ്റ്റേഷനിൽ മർദ്ദിച്ച സംഭവത്തിൽ കുന്നംകുളം പോലീസിന് കനത്ത തിരിച്ചടി. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരാതിക്കാരന് നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവായി.
യൂത്ത് കോൺഗ്രസ്സ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മർദ്ദിച്ച സംഭവത്തിലാണ് ഉത്തരവ്. 2023 ഏപ്രിൽ അഞ്ചിനായിരുന്നു സംഭവം. കാണിപ്പയ്യൂരിൽ നിന്നാണ് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ എത്തിച്ച ശേഷം എസ്.ഐയുടെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. മർദ്ദനത്തിൽ സുജിത്തിന്റെ ചെവിക്ക് ഗുരുതര പരിക്കേറ്റിരുന്നു. എന്നാൽ, മദ്യപിച്ച് പോലീസിനെ ആക്രമിച്ചെന്ന് കാണിച്ച് സുജിത്തിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത പോലീസ് സുജിത്തിനെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന നടത്തിയതോടെ പോലീസിന്റെ ആരോപണം പൊളിഞ്ഞു. സുജിത്ത് മദ്യപിച്ചിട്ടില്ല എന്നായിരുന്നു വൈദ്യ പരിശോധനാ ഫലം. തുടർന്ന് റിമാന്റ് ചെയ്യാനായി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച സുജിത്തിന് കോടതി ജാമ്യം നൽകുകയും ചെയ്തിരുന്നു. പോലീസ് കമ്പ്ലൈന്റ് അതോറിറ്റിയിൽ സുജിത്ത് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മർദ്ദനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ഡിപ്പാർട്ട്മന്റ് എസ്.ഐ അടക്കം അഞ്ച് പോലീസുകാരെ സ്ഥലം മാറ്റത്തിന് വിധേയരാക്കുകയും ചെയ്തു. സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ നഷടപ്പെട്ടെന്ന കുന്നംകുളം പൊലീസിന്റെ വാദം തെറ്റാണെന്ന് വിവരാവകാശ കമ്മീഷൻ കണ്ടെത്തിയിരുന്നു. മർദ്ദനം നടന്നെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണെന്നാണ് വിവരം.