ചാലക്കുടി: ചാലക്കുടി പുഴയുടെ തീരങ്ങളിലും തുമ്പൂർമുഴി ഉദ്യാനത്തിലും ദേശാടന ചിത്രശലഭങ്ങൾ എത്തിത്തുടങ്ങി. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ചിത്രശലഭങ്ങളുടെ പ്രധാന ദേശാടനസമയം. ഈ മാസങ്ങളിൽ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് വീശുന്ന കാറ്റാണ് ചിത്രശലഭങ്ങളുടെ ദേശാടനത്തെ സഹായിക്കുന്നത്. പശ്ചിമഘട്ടത്തിന്റെ ഉയർന്ന ഭാഗത്തെ മലനിരകളിൽനിന്നാണ് ചാലക്കുടി പുഴയുടെ ഭാഗത്തേക്ക് ചിത്രശലഭങ്ങൾ ദേശാടനം നടത്തുന്നത്. ഏപ്രിൽ അവസാനത്തോടെയും മേയ് ആദ്യത്തോടെയുമാണ് ചിത്രശലഭങ്ങളുടെ ഈ ദേശാടനം. സാധാരണഗതിയിൽ മൺസൂൺ മഴയ്ക്ക് മുൻപാണ്. മഞ്ഞനിറത്തിലുള്ള നൂറുകണക്കിന് തകരമുത്തി ശലഭങ്ങളും കിളിവാലൻ ശലഭങ്ങളും നീലക്കടുവ ശലഭങ്ങളും ചാലക്കുടി പുഴയോരത്ത് ആനക്കയം, അതിരപ്പിള്ളി, വെറ്റിലപ്പാറ ഭാഗങ്ങളിലും തുമ്പൂർമുഴി ഉദ്യാനത്തിലും ഇപ്പോൾ കാണാനാവുന്നുണ്ട്.