Saturday, November 23, 2024

ഫ്ലാറ്റിൽ രക്തക്കറ കണ്ടെത്തി; താമസക്കാരായ രണ്ട് സ്ത്രീകളെയും പുരുഷനെയും പോലീസ് ചോദ്യംചെയ്യുന്നു

കൊച്ചി: റോഡിൽ ഗർഭസ്ഥശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ സമീപത്തെ ഫ്ളാറ്റിലെ താമസക്കാരെ പോലീസ് ചോദ്യംചെയ്യുന്നു. രണ്ട് സ്ത്രീകളും ഒരു പുരുഷനും അടക്കമുള്ള താമസക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഈ ഫ്ളാറ്റിന്റെ തറയില്‍നിന്നും ശുചിമുറിയിൽനിന്നും പോലീസ് രക്തക്കറ കണ്ടെത്തിയിരുന്നു. താമസക്കാരെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.

വെള്ളിയാഴ്ച രാവിലെ ഏട്ടേകാലോടെയാണ് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിന് സമീപത്തുള്ളവര്‍ റോഡില്‍ ഒരു കെട്ടുകിടക്കുന്നത് കണ്ടത്. ആരെങ്കിലും സഞ്ചിയിലാക്കി മാലിന്യം ഉപേക്ഷിച്ചതാവാമെന്നായിരന്നു ആദ്യം കരുതിയത്. പക്ഷെ, ശുചീകരണ തൊഴിലാളികള്‍ തൊട്ടുമുമ്പ് വൃത്തിയാക്കി പോയ സ്ഥലത്ത് എങ്ങനെ ഇത്രപെട്ടെന്നൊരു മാലന്യക്കെട്ടുവന്നുവെന്ന സംശയമാണ് അത് പരിശോധിക്കാന്‍ പ്രേരിപ്പിച്ചതെന്ന് സമീപവാസികൾ പറഞ്ഞു.

രാവിലെ ധാരാളം ആളുകള്‍ നടക്കുകയും മറ്റും ചെയ്യുന്ന സ്ഥലമായതുകൊണ്ടുതന്നെ അവരുടെ ആരുടേയെങ്കിലും നഷ്ടപ്പെട്ട കെട്ടാകുമെന്നും കരുതി. ഒരു കൊറിയര്‍ സര്‍വീസ് കമ്പനിയുടെ പാക്കറ്റായിരുന്നു റോഡില്‍ വീണുകിടന്നത്. അടുത്തെത്തി പരിശോധിച്ചതോടെയാണ് മനസ്സുരുകിപ്പോകുന്ന കാഴ്ചകണ്ടത്. ചോരയില്‍ കുളിച്ച് ഒരു ദിവസംപോലും പ്രായമാവാകാത്ത കുഞ്ഞിന്റെ മൃതദേഹമായിരുന്നു സഞ്ചിയിലുണ്ടായിരുന്നത്. ഉടന്‍ നാട്ടുകാരേയും പോലീസിനേയും അറിയിക്കുകയും ചെയ്തു.

സമീപത്തെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യത്തില്‍ കുട്ടിയെ വലിച്ചെറിഞ്ഞതായി കാണിക്കുന്ന സമയം 7.50 ആണെങ്കിലും മരിച്ചതിന് ശേഷം വലിച്ചെറിഞ്ഞതാണോ, അതല്ല കൊലപ്പെടുത്തിയതിന് ശേഷം വലിച്ചെറിഞ്ഞതാണോയെന്നതാണ് പോലീസ് പരിശോധിക്കുന്നത്. ഇന്റര്‍-ലോക്കിട്ട റോഡിലേക്ക് ഒരു കെട്ട് വന്നുവീഴുന്നതാണ് സി.സി.ടി.വി ദൃശ്യത്തിൽ കാണുന്നത്.

ഇരുപത്തിയൊന്ന് യൂണിറ്റുകളുള്ള ഒരു ഫ്‌ളാറ്റില്‍നിന്നാണ് കുട്ടിയെ പുറത്തെറിഞ്ഞതെന്നും ഇതില്‍ പലതിലും ആള്‍താമസമില്ലെന്നുമാണ് പമ്പള്ളിനഗര്‍ കൗണ്‍സിലര്‍ അഞ്ജന ടീച്ചര്‍ പ്രതികരിച്ചത്. ഫ്‌ളാറ്റില്‍ ഗര്‍ഭിണികള്‍ ആരുമില്ലെങ്കിലും ഒഴിഞ്ഞുകിടക്കുന്ന മുറികളിലെത്തി പ്രസവിച്ച ശേഷം ആരെങ്കിലും കുഞ്ഞിനെ പുറത്തേക്കെറിഞ്ഞതാണോയെന്നും ബന്ധപ്പെട്ടവര്‍ സംശയിക്കുന്നുണ്ട്. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഇവിടെയുള്ളത്. അദ്ദേഹം സ്ഥലത്തുനിന്ന് മാറുമ്പോൾ ആര്‍ക്കും ഫ്ളാറ്റിലേക്ക് കടന്നുകയറാൻ സാധിക്കും. അതുകൊണ്ടുതന്നെ ആരെങ്കിലും പുറത്തുനിന്നെത്തിയോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments