Saturday, April 5, 2025

ലോക്സഭ തെരഞ്ഞെടുപ്പ്; കേരളത്തിൽ ആകെ 204 സ്ഥാനാർഥികൾ, 86 പത്രികകൾ തള്ളി

തൃശൂർ: ലോക്സഭാ തിരഞ്ഞടുപ്പിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 204 സ്ഥാനാർഥികൾ. സൂക്ഷ്മപരിശോധനയിൽ 86 പത്രികകൾ തള്ളി. ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ കോട്ടയം മണ്ഡലത്തിലാണ്; 14 പേർ. അഞ്ച് സ്ഥാനാർഥികൾ മാത്രമുള്ള ആലത്തൂരാണ് സ്ഥാനാർഥികളുടെ എണ്ണത്തിൽ പിന്നിൽ. പിൻവലിക്കാനുള്ള സമയപരിധി 8ന് അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർഥി പട്ടികയ്ക്കു രൂപമാകും.

മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ:

തിരുവനന്തപുരം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ തിരുവനന്തപുരം മണ്ഡലത്തിൽ 13 സ്ഥാനാർഥികൾ. സിഎസ്ഐ മുൻ ബിഷപ് ധർമരാജ് റസാലത്തിന്റെ ഭാര്യ ഷേർളി ജോൺ ഉൾപ്പെടെ 9 പേരുടെ പത്രിക തള്ളി. യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്റെ പേരുമായി സാമ്യമുള്ള ശശി എന്നയാൾ നൽകിയ പത്രിക സ്വീകരിച്ചു.

ആറ്റിങ്ങൽ: മണ്ഡലത്തിൽ ഏഴു പേരുടെ പത്രിക തള്ളി. അപൂർണമായ പത്രികകളാണ് സൂക്ഷ്മ പരിശോധനയിൽ തള്ളിയത്. യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിന്റെ പേരുമായി സാമ്യമുള്ള ആറ്റിങ്ങൽ കിഴുവിലം അണ്ടൂർ എസ്.പ്രകാശ് നൽകിയ പത്രിക സ്വീകരിച്ചു.

കൊല്ലം: കൊല്ലം മണ്ഡലത്തിൽ 12 സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക അംഗീകരിച്ചു. 3 പത്രികകൾ തള്ളി. സ്വതന്ത്ര സ്ഥാനാർഥി കരീപ്ര കടയ്ക്കോട് മനു സ്മൃതിയിൽ എം.എസ്. മനുശങ്കർ, ഡമ്മി സ്ഥാനാർഥികൾ ആയിരുന്ന എസ്.ആർ. അരുൺ ബാബു (സിപിഎം), ശശികല റാവു (ബിജെപി) എന്നിവരുടെ പത്രികകളാണ് നിരസിച്ചത്. മതിയായ രേഖകൾ സമർപ്പിക്കാതിരുന്നതാണ് മനുശങ്കറിന് അയോഗ്യത കൽപ്പിക്കാൻ കാരണം.  

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മൽസരരംഗത്ത് 8 പേർ. ഡമ്മി സ്ഥാനാർഥികളായ രാജു ഏബ്രഹാം (എൽഡിഎഫ്), എസ്.ജയശങ്കർ (എൻഡിഎ) എന്നിവരുടെ പത്രികകളാണു തള്ളിയത്.

ആലപ്പുഴ: പത്രികകളുടെ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോൾ ആലപ്പുഴയിൽ 11 സ്ഥാനാർഥികൾ. മൂന്നുപേരുടെ പത്രിക തള്ളി.

മാവേലിക്കര: മാവേലിക്കരയിൽ 10 സ്ഥാനാർഥികൾ. നാലു പേരുടെ പത്രിക തള്ളി.

കോട്ടയം: മണ്ഡലത്തിൽ മത്സരരംഗത്തുള്ളത് 14 സ്ഥാനാർഥികൾ. 17 പേരാണ് നാമനിർദേശ പത്രിക നൽകിയിരുന്നതെങ്കിലും യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ അപരന്മാർ ഉൾപ്പെടെ 3 പേരുടെ പത്രികകൾ സൂക്ഷ്മപരിശോധനയിൽ തള്ളി. നാമനിർദേശ പത്രികയിൽ പിന്താങ്ങിയവരുടെ ഒപ്പുകൾ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണു ഫ്രാൻസിസ് ജോർജിന്റെ 2 അപരന്മാരുടെ പത്രിക തള്ളിയത്. ഇരുപത്രികകളിലും ഒപ്പിട്ടവരെ ഹാജരാക്കാൻ സ്ഥാനാർഥികൾക്കു കഴിഞ്ഞില്ല.

ഇടുക്കി: മണ്ഡലത്തിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എട്ട് സ്ഥാനാർഥികളാണ് മത്സരത്തിനുള്ളത്. 12 പേരാണ് പത്രിക സമർപ്പിച്ചിരുന്നത്. സൂക്ഷ്മ പരിശോധനയിൽ 4 സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളി. ഡമ്മി സ്ഥാനാർഥികളുടെ പത്രികകളും തള്ളിയവയിൽപ്പെടും.

എറണാകുളം: നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായപ്പോൾ എറണാകുളം മണ്ഡലത്തിൽ 10 സ്ഥാനാർഥികൾ. എറണാകുളത്ത് സമർപ്പിച്ച പത്രികകളിൽ 4 എണ്ണം തള്ളി.

ചാലക്കുടി: ആകെ 12 സ്ഥാനാർഥികൾ. ഒരു പത്രിക തള്ളി.

തൃശൂർ: നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ ബാക്കിയുള്ളതു 10 സ്ഥാനാര്‍ഥികള്‍. ആകെ ലഭിച്ച 15 നാമനിര്‍ദേശ പത്രികകളില്‍ അഞ്ചെണ്ണം തള്ളി. എൽഡിഎഫ് സ്ഥാനാര്‍ഥി വി.എസ്. സുനില്‍കുമാറിന്റെ ഡമ്മി രമേഷ്‌കുമാറിന്റെയും എൻഡിഎ സ്ഥാനാര്‍ഥി സുരേഷ് ഗോപിയുടെ ഡമ്മി സ്ഥാനാര്‍ഥിയായ ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാറിന്റെയും പത്രികകള്‍ തള്ളി. സത്യവാങ്മൂലം കൃത്യമായി പൂരിപ്പിക്കാത്തതിനാല്‍ പി.അജിത്കുമാര്‍ (ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി), പ്രപോസര്‍മാരുടെ വിവരങ്ങള്‍ കൃത്യമായി ഇല്ലാത്തതിനാലും ഇതര ലോക്സഭാ മണ്ഡലത്തിലെ വോട്ടറായതിനാല്‍ ഇലക്ടറല്‍ റോളിന്റെ പകര്‍പ്പു സമര്‍പ്പിക്കാത്തതിനാലും സ്വതന്ത്ര സ്ഥാനാര്‍ഥികളായ കെ.പി. കല, കൃത്യമായ പ്രപോസലുകള്‍ ഇല്ലാത്തതിനാല്‍ ഡോ.കെ. പത്മരാജന്‍ എന്നിവരുടെ പത്രികകളും സൂക്ഷ്മ പരിശോധനയില്‍ തള്ളി.

പാലക്കാട്: നാമനിർദേശ പത്രികകളിൽ സൂക്ഷ്മ പരിശോധന പൂർത്തിയാക്കിയപ്പോൾ മണ്ഡലത്തിൽ 11 സ്ഥാനാർഥികൾ. അഞ്ച് സ്ഥാനാർഥികളുടെ പത്രിക തള്ളി. എൽഡിഎഫ് ഡമ്മി സ്ഥാനാർഥി കെ.എസ്.സലീഖ, എൻഡിഎ ഡമ്മി സ്ഥാനാർഥി കെ.എം.ഹരിദാസൻ, വിടുതലൈ ചിരുതൈ കക്ഷി സ്ഥാനാർഥി എ.രാഘവൻ, സ്വതന്ത്ര സ്ഥാനാർഥികളായ കെ.വി.ദിലീപ്, എ.വിജയരാഘവൻ എന്നിവരുടെ പത്രികളാണു തള്ളിയത്.

ആലത്തൂർ: ആകെ അഞ്ച് സ്ഥാനാർഥികൾ. മൂന്നു പേരുടെ പത്രിക തള്ളി. വേണ്ട രേഖകളടക്കം ഉള്ളടക്കം ചെയ്യാത്തതിനാലാണു ഇവരുടെ പത്രിക തള്ളിയത്. എൽഡിഎഫ് ഡമ്മി സ്ഥാനാർഥി വി.പൊന്നുക്കുട്ടൻ, യുഡിഎഫ് ഡമ്മി സ്ഥാനാർഥി അജിത, എൻഡിഎ ഡമ്മി സ്ഥാനാർഥി കെ.ബാലകൃഷ്ണൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

മലപ്പുറം: ആകെ 10 സ്ഥാനാർഥികളുടെ പത്രിക സ്വീകരിച്ചു. ഡമ്മി സ്ഥാനാർഥികളുൾപ്പടെ 4 പേരുടെ പത്രികകൾ തള്ളി. തുക കെട്ടിവയ്ക്കാതെയും സത്യവാങ്മൂലം നൽകാതെയും സമർപ്പിച്ച സ്വതന്ത്ര സ്ഥാനാർഥിയുടെ പത്രികയും തള്ളിയതിൽപ്പെടും. മലപ്പുറം മണ്ഡലത്തിൽ സ്വതന്ത്രനായി പത്രിക സമർപ്പിച്ച ‌ശ്രീധരൻ കള്ളാടിക്കുന്ന് എന്നയാളുടേതാണ് തള്ളിയത്.

‌പൊന്നാനി: എട്ടു പേരുടെ പത്രിക സ്വീകരിച്ചു. മൂന്നു പേരുടെ പത്രികകൾ തള്ളി. യുഡിഎഫ് സ്ഥാനാർഥി എം.പി.അബ്ദുസ്സമദ് സമദാനിയുടെ അപരൻ അബ്ദുസ്സമദ് തൊപ്പിവച്ച ചിത്രമാണ് പത്രികയോടൊപ്പം നൽകിയതെന്നത് സംബന്ധിച്ച് ഒരു മണിക്കൂറോളം തർക്കമുണ്ടായി. തിരഞ്ഞെടുപ്പ് മാർഗനിർദേശത്തിൽ തൊപ്പിവച്ചതടക്കമുള്ള ചിത്രങ്ങൾ പാടില്ലെന്നുണ്ടെങ്കിലും അത് തള്ളാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി വരണാധികാരിയായ എഡിഎം എം.മണികണ്ഠൻ പത്രിക സ്വീകരിച്ചു. സ്ഥിരം തൊപ്പി ധരിക്കുന്ന സമദാനിയാകട്ടെ ഈ മാനദണ്ഡപ്രകാരം തൊപ്പിയില്ലാത്ത ചിത്രമാണ് പത്രികയ്ക്കൊപ്പം നൽകിയത്.

കോഴിക്കോട്: ആകെ 13 സ്ഥാനാർഥികൾ. രണ്ടു പേരുടെ പത്രികൾ തള്ളി. സിപിഎം ഡമ്മി സ്ഥാനാർഥി എ.പ്രദീപ്‌കുമാർ, ബിജെപി ഡമ്മി സ്ഥാനാർഥി നവ്യ ഹരിദാസ് എന്നിവരുടെ പത്രികകളാണ് തള്ളിയത്.

വയനാട്: സൂക്ഷ്മ പരിശോധനയില്‍ പത്ത് സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകള്‍ സ്വീകരിച്ചു. സിപിഐ ഡമ്മി സ്ഥാനാർഥി ഇ.ജെ ബാബു, ബിജെപി ഡമ്മി സ്ഥാനാർഥി സദാനന്ദന്‍ എന്നിവരുടെ നാമനിർദേശ പത്രികകള്‍ ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രിക സാധുവായത് കൊണ്ട് സ്വീകരിച്ചില്ല.

വടകര: ആകെ 11 സ്ഥാനാർഥികൾ. മൂന്നു പേരുടെ പത്രിക തള്ളി. സിപിഎം ഡമ്മി സ്ഥാനാർഥി കെ.കെ.ലതിക, ബിജെപി ഡമ്മി സ്ഥാനാർഥി പി.സത്യപ്രകാശ്, ബിഎസ്പി സ്ഥാനാർഥി ഇ.പവിത്രൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്.

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ ലഭിച്ച 18 നാമനിർദേശ പത്രികകളിൽ മൂന്നെണ്ണം സൂക്ഷ്മ പരിശോധനയിൽ തള്ളി. സ്വതന്ത്ര സ്ഥാനാർഥികളായി പത്രിക സമർപ്പിച്ച കെ.സി. സലിം, എം.പി. സലിം, ജയരാജ് എന്നിവരുടെ പത്രികകളാണ് ആവശ്യമായ രേഖകൾ ഇല്ലാത്തതിനാൽ തള്ളിയത്. എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർഥികളുടെ പത്രികകൾ സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാർഥികളുടെ പത്രികകൾ ഇല്ലാതായി. ഇതോടെ, കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരരംഗത്തുള്ള സ്ഥാനാർഥികളുടെ എണ്ണം 12 ആയി.

കാസർകോട്: കാസർ‍കോട് ലോക്സഭാ മണ്ഡലത്തിൽ 9 സ്ഥാനാർഥികൾ. 13 സ്ഥാനാർഥികളുടെ പത്രികകളാണ് പരിശോധിച്ചത്. ഇതിൽ 2 സ്വതന്ത്ര സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ മതിയായ രേഖകൾ ഹാജരാക്കാത്തതിനാൽ തള്ളി. ബാലകൃഷ്ണൻ ചേമഞ്ചേരി (സ്വതന്ത്രൻ),വി.രാജേന്ദ്രൻ (സ്വതന്ത്രൻ) എന്നിവരുടെ നാമനിർദേശ പത്രികകളാണ് തള്ളിയത്. സി.എച്ച്.കുഞ്ഞമ്പു (സിപിഎം),എ.വേലായുധൻ (ബിജെപി) എന്നിവരുടെ നാമ നിർദേശ പത്രികകളും ഔദ്യോഗിക സ്ഥാനാർഥികളുടെ പത്രികകൾ അംഗീകരിച്ചതിനാൽ പരിശോധിച്ച് തള്ളി.

അന്തിമ വോട്ടർപട്ടിക തയാർ

ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടര്‍പട്ടിക തയാറായി. 2,77,49,159 വോട്ടര്‍മാരാണ് ഈ അവസാന വോട്ടര്‍പട്ടികയില്‍ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ നിന്ന് 6,49,833 വോട്ടര്‍മാരുടെ വര്‍ധനവുണ്ട്. അതേസമയം വോട്ടര്‍ പട്ടിക ശുദ്ധീകരണത്തില്‍ 2,01,417 പേര്‍ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടര്‍മാര്‍ 5,34,394 പേരാണ്. ആകെ വോട്ടര്‍മാരില്‍ 1,43,33,499 പേര്‍ സ്ത്രീകളും 1,34,15293 പേര്‍ പുരുഷന്മാരുമാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുമുണ്ട്. ആകെ ഭിന്നലിംഗ വോട്ടര്‍മാര്‍-367. സ്ത്രീ പുരുഷ അനുപാതം 1,000: 1,068.

കൂടുതല്‍ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം (33,93,884), കുറവ് വോട്ടര്‍മാര്‍ ഉള്ള ജില്ല – വയനാട് (6,35,930), കൂടുതല്‍ സ്ത്രീ വോട്ടര്‍മാര്‍ ഉള്ള ജില്ല – മലപ്പുറം(16,97,132), കൂടുതല്‍ ഭിന്നലിംഗ വോട്ടര്‍മാരുള്ള ജില്ല – തിരുവനന്തപുരം(94), ആകെ പ്രവാസി വോട്ടര്‍മാര്‍ -89,839, പ്രവാസി വോട്ടര്‍മാര്‍ കൂടുതലുള്ള ജില്ല – കോഴിക്കോട് (35,793). 80 വയസ്സിന് മുകളില്‍ പ്രായമുള്ള 6,27,045 വോട്ടര്‍മാരുണ്ട്.

അന്തിമ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കഴിയാതെ പോയവര്‍ക്ക് മാര്‍ച്ച് 25 വരെ അപേക്ഷ സമര്‍പ്പിക്കുവാന്‍ അവസരം നല്‍കിയിരുന്നു. വോട്ടര്‍ പട്ടിക ശുദ്ധീകരണത്തിനുള്ള നടപടികളും നിരന്തരം സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍ കാലയളവില്‍ സോഫ്റ്റ് വെയര്‍ മുഖേന കണ്ടെത്തിയ സ്ഥലപരമായി സമാനതയുള്ള എന്‍ട്രികള്‍, ഫോട്ടോ സമാനമായ എന്‍ട്രികള്‍ എന്നിവ ബിഎല്‍ഒ മാര്‍ വഴി പരിശോധിച്ച് അധികമായി പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി.

ജനുവരി 22ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റില്‍ (www.ceo.kerala.gov.in) ലഭ്യമാക്കിയിരുന്നു. താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫ‌ിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ കൈവശവും അന്തിമ വോട്ടര്‍ പട്ടിക ലഭ്യമാക്കിയിരുന്നു. സംസ്ഥാനത്തെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫിസുകളില്‍ നിന്ന് വോട്ടര്‍ പട്ടിക കൈപ്പറ്റാനുള്ള സംവിധാനവും ഒരുക്കിയിരുന്നു. അന്തിമ വോട്ടര്‍പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും പരിഹരിച്ചും മാര്‍ച്ച് 25 വരെ ലഭിച്ച വിവിധ അപേക്ഷകള്‍ പരിഗണിച്ചുമാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജില്ലകളില്‍ അസി. റിട്ടേണിങ് ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനക്ക് പ്രത്യേക സംഘങ്ങളെ നിയോഗിക്കുകയും ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ സമ്മതിദായകരുടെ വീടുകളിലെത്തി മരണപ്പെട്ടവരെയും സ്ഥിരതാമസം മാറിയവരെയും ഉള്‍പ്പെടെ കണ്ടെത്തി ഒഴിവാക്കിയിരുന്നു. കുറ്റമറ്റ വോട്ടർപട്ടിക തയാറാക്കുന്നതിനായി വിപുലമായ ശുദ്ധീകരണ പ്രക്രിയയും പുതിയ വോട്ടർമാരെ ചേർക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംസ്ഥാന വ്യാപകമായി നടത്തിയിരുന്നു എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.

ലോക്‌സഭാ മണ്ഡലം തിരിച്ചുള്ള വോട്ടര്‍മാരുടെ വിവരം:

തിരുവനന്തപുരം- 14,30,531, ആറ്റിങ്ങല്‍- 13,96,807, കൊല്ലം- 13,26,648, പത്തനംതിട്ട-14,29,700, മാവേലിക്കര-13,31,880, ആലപ്പുഴ-14,00,083, കോട്ടയം-12,54,823, ഇടുക്കി-12,50,157, എറണാകുളം-13,24,047, ചാലക്കുടി-13,10,529, തൃശൂര്‍-14,83,055, ആലത്തൂര്‍-13,37,496, പാലക്കാട്-13,98,143 പൊന്നാനി-14,70,804 മലപ്പുറം-14,79,921 കോഴിക്കോട്-14,29,631 വയനാട്-14,62,423, വടകര-14,21,883, കണ്ണൂര്‍-13,58,368, കാസര്‍കോട്-14,52,230

RELATED ARTICLES
- Advertisment -

Most Popular

Recent Comments