Friday, September 20, 2024

വ്യാജവാർത്ത ചമച്ച് മാനഹാനി വരുത്തിയെന്ന കേസ്; മലയാള മനോരമക്കെതിരെ വിധി; ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരക്ക്‌ പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ കോടതി ഉത്തരവ്‌

കണ്ണൂർ: വ്യാജവാർത്ത ചമച്ച് മാനഹാനി വരുത്തിയെന്ന കേസിൽ എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിരക്ക്‌ പത്തു ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകാൻ ഉത്തരവ്‌. ഇതിന്‌ പുറമെ, കോടതിച്ചെലവും ആറു ശതമാനം പലിശയും നൽകണമെന്നും കണ്ണൂർ സബ്‌കോടതി വിധിച്ചു.

മലയാള മനോരമ പ്രിന്റർ ആൻഡ്‌ പബ്ലിഷർ ജേക്കബ്‌ മാത്യു, എഡിറ്റോറിയൽ ഡയറക്‌ടർ മാത്യൂസ്‌ വർഗീസ്‌, ചീഫ്‌ എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ്‌ മാത്യു, റിപ്പോർട്ടർ കെ.പി സഫീന എന്നിവരാണ്‌ എതിർകക്ഷികൾ. 2020 സെപ്റ്റംബറിൽ പി.കെ ഇന്ദിര ക്വാറ​ന്റീൻ ലംഘിച്ച് കേരള ബാങ്ക്‌ കണ്ണൂർ ബ്രാഞ്ചിലെത്തി ലോക്കർ തുറന്ന് ഇടപാട്‌ നടത്തിയത്‌ കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു എന്നായിരുന്നു വാർത്ത. അഭിഭാഷകരായ എം രാജഗോപാലൻ നായർ, പി.യു ശൈലജൻ എന്നിവർ മുഖേന ഇന്ദിര നൽകിയ മാനനഷ്‌ട കേസിലാണ്‌ ഉത്തരവ്‌.

എന്ത് നുണയും എഴുതി ജനങ്ങളെ വിഡ്ഢികളാക്കാം എന്ന് കരുതുന്ന മാധ്യമപ്രവർത്തന ശൈലിക്കുള്ള മറുപടിയാണ് വിധിയെന്ന് ഇ.പി. ജയരാജൻ പ്രതികരിച്ചു. പേരക്കുട്ടികളുടെ ആഭരണമെടുക്കാൻ ബാങ്കിൽ പോയതിനെ മന്ത്രിയുടെ ഭാര്യ ക്വാറന്റീൻ ലംഘിച്ച് ബാങ്ക് ലോക്കർ തുറന്നു​വെന്നും ദുരൂഹമായ ഇടപാട് നടത്തിയെന്നും പ്രചരിപ്പിച്ചതിനുള്ള തിരിച്ചടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments