കോഴിക്കോട്: കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ശബ്ദിച്ചതിനാണോ തൃശ്ശൂരിലെ സിറ്റിങ് എം.പി. ടി.എൻ. പ്രതാപന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സീറ്റ് നിഷേധിച്ചതെന്ന ചോദ്യവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കേരളത്തിന് കിട്ടാനുള്ള തുകയെത്രയാണോ അത് കൊടുക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടതിനാലാണ് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചതെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കോഴിക്കോട് നോർത്ത് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കണൻവെൻഷനിൽ സംസാരിക്കുകയായിരുന്നു റിയാസ്.
‘കേരളത്തിന് അർഹതപ്പെട്ട പണം നൽകാത്തതിനെതിരെ കോൺഗ്രസിന്റെ ഏതെങ്കിലും എം.പിമാർ പാർലമെന്റിൽ മിണ്ടിയോ? ഒരു എം.പി. മിണ്ടി. അത് ടി.എൻ. പ്രതാപനാണ്, തൃശ്ശൂരിലെ എം.പി. അദ്ദേഹത്തിനിപ്പോൾ സീറ്റുമില്ല’, മന്ത്രി പറഞ്ഞു.
‘കേരളത്തിനുവേണ്ടി പാർലമെന്റിൽ ശബ്ദിച്ചതിന് തൃശ്ശൂരിലെ സീറ്റ് പ്രതാപന് നിഷേധിച്ചിരിക്കുകയാണ്. മറ്റെല്ലാ സിറ്റിങ് എം.പിമാരും മത്സരിച്ചു. എന്നാൽ പ്രതാപന് സീറ്റില്ല. പാർലമെന്റിൽ കേരളത്തിന് കിട്ടേണ്ട പണത്തെക്കുറിച്ച് ക്യാമ്പയിൻ ശക്തമാക്കിയതിന്റെ ഭാഗമായി ആ പാവം ടി.എൻ. പ്രതാപൻ പാർലമെന്റിൽ സംസാരിച്ചു. കേരളത്തിന് കിട്ടാനുള്ള തുകയെത്ര, അത് കൊടുക്കണമെന്ന് പാർലമെന്റിൽ പറഞ്ഞു. ടി.എൻ. പ്രതാപനിപ്പോൾ സീറ്റ് കിട്ടിയില്ല. കേരളത്തിലെ ജനങ്ങൾക്കുവേണ്ടി ശബ്ദിച്ചതിനാണോ ടി.എൻ. പ്രതാപന് സീറ്റ് നിഷേധിച്ചത്? ഇത് പൊതുവായി നാട്ടിൽ ഉയർന്നുവരേണ്ട വിഷയമാണ്’, റിയാസ് കൂട്ടിച്ചേർത്തു.