തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ വീഡിയോ വാളില്‍ ജില്ലയിലെ മുതിര്‍ന്ന വോട്ടര്‍ പുത്തൂര്‍ ചെറുകുന്ന് വട്ടുകുളം വീട്ടില്‍ ജാനകി (109) നിര്‍വഹിച്ചു. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ‘വോട്ട് ഈസ് പവര്‍ ആന്‍ഡ് വോട്ടര്‍ ഈസ് പവര്‍ഫുള്‍’, ‘വോട്ട് ചെയ്യൂ വി.ഐ.പി ആകൂ’ എന്ന ആശയമാണ് ക്യാമ്പയിന്‍ മുന്നോട്ടു വെയ്ക്കുന്നത്.
50 വര്‍ഷമായി ഇവിടെ താമസിക്കുന്ന ജാനകി തന്റെ സമ്മതിദാനാവകാശം മുടങ്ങാതെ കൃത്യമായി രേഖപ്പെടുത്തുന്ന വ്യക്തി കൂടിയാണ്. വോട്ട് ചെയ്യാന്‍ അധികാരമുള്ള ഓരോ പൗരനുമാണ് യഥാര്‍ഥത്തില്‍ വി.ഐ.പിയെന്ന ആശയമാണ് പങ്ക് വെയ്ക്കുന്നത്. വലിപ്പചെറുപ്പ വ്യത്യാസമില്ലാതെ 18 വയസ് തികഞ്ഞവര്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവര്‍ വി.ഐ.പി.കളാകുന്ന സന്ദേശമാണ് ജില്ലയില്‍ നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുഖമുദ്ര.
ജില്ലയിൽ മിഥില ഹോട്ടൽ, സ്വപ്ന തിയേറ്റർ, രാമവർമ്മ പാർക്ക്, ബാറ്റാ ഷോറൂം, സിഎംഎസ് സ്കൂൾ എന്നിവയുടെ സമീപത്തുള്ള ബസ് സ്റ്റോപ്പുകളിലെ സ്ക്രീനുകളിലും വീഡിയോ പ്രദർശിപ്പിച്ചു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണ തേജ, എ.ഡി.എം ടി മുരളി, സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസി. കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം.സി ജ്യോതി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ തുടങ്ങിയവര്‍ സംബന്ധിച്ചു.