പുന്നയൂർക്കുളം: പഞ്ചായത്തിൽ റോഡരികുകളിലെ വഴിയോരക്കച്ചവടം നിർത്തിവെക്കാൻ തീരുമാനം. വ്യാപാരിസംഘടനകളും ജനപ്രതിനിധികളും പോലീസുദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും നടത്തിയ ചർച്ചയിലാണ് തീരുമാനം. റോഡരികുകളിലെ അനധികൃത കച്ചവടം ഗതാഗതതടസ്സമുണ്ടാക്കുന്നതായി പരാതികളുണ്ടായിരുന്നു. പച്ചക്കറി, പഴവർഗങ്ങൾ, മത്സ്യം തുടങ്ങിയവയാണ് കൂടുതലായും വാഹനങ്ങളിൽ കച്ചവടം നടത്തിയിരുന്നത്.
പഞ്ചായത്തിൽ നികുതിനൽകിയും നിയമവ്യവസ്ഥകൾ പാലിച്ചും വ്യാപാരം നടത്തുന്ന കച്ചവടസ്ഥപനങ്ങൾക്കു മുൻപിൽവെച്ച് വാഹനങ്ങളിൽ വിൽപ്പന നടത്തുന്നതു തടയണമെന്നാവശ്യപ്പെട്ട് വ്യപാരി വ്യവസായി ഏകോപന സമിതി സമരം നടത്തിയിരുന്നു. പഞ്ചായത്ത് ഓഫീസിനു മുൻപിൽ വഴിയോരക്കച്ചവടം നടത്തിയാണ് വ്യാപാരികൾ പ്രതിഷേധിച്ചത്. ഇതേത്തുടർന്നാണ് പഞ്ചായത്തിൽ യോഗം വിളിച്ചത്. അനധികൃതമായി നടത്തുന്ന വഴിയോരക്കച്ചവടങ്ങളിൽ ഉത്‌പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താൻ കഴിയുന്നില്ലെന്നും ഭക്ഷ്യവസ്തുക്കൾ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതായും യോഗം വിലയിരുത്തി.
പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീർ, വൈസ് പ്രസിഡന്റ് ഇ.കെ നിഷാർ, വ്യവസായി ഏകോപന സമിതി ജില്ല സെക്രട്ടറി ലൂക്കോസ് തലക്കോട്ടൂർ, വടക്കേക്കാട് എസ്.ഐ സുധീർ എന്നിവർ പങ്കെടുത്തു.