ഗുരുവായൂര്‍: കൊവിഡ് മഹാമാരിയുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കഴിഞ്ഞാല്‍ നാട് ഒരുപക്ഷേ വലിയ ഭക്ഷ്യപ്രതിസന്ധി അഭിമുഖീകരിച്ചേക്കാമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. ജനപ്രതിനിധിയുടെ തിരക്കുകള്‍ക്കിടയിലും അടുക്കളത്തോട്ടം പരിപാലിച്ച ഗീതാഗോപി എം.എല്‍.എയുടെ ഗുരുവായൂരിലെ വീട്ടില്‍ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സര്‍ക്കാര്‍ തലത്തില്‍ തന്നെ തരിശുനിലങ്ങള്‍ കണ്ടെത്തി കൃഷിക്കായി പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. നമ്മുടെ വീട്ടുതൊടികളില്‍ നടത്തുന്ന ഇത്തരം ചെറിയ അടുക്കളത്തോട്ടങ്ങളുടെ പരിപാലനവും ആ വലിയ സന്ദേശമാണ് മുന്നോട്ട് വെയ്ക്കുന്നതെന്നും വത്സരാജ് പറഞ്ഞു. ജീവനി പദ്ധതി പ്രകാരം ലഭിച്ച തൈകളാണ് ലോക്ക് ഡൗണ്‍ ആരംഭത്തില്‍ എം.എല്‍.എ തന്റെ തോട്ടത്തില്‍ നട്ട് പരിപാലിച്ചിരുന്നത്. വെണ്ട, വഴുതന, തക്കാളി, പച്ചമുളക്, പയര്‍ തുടങ്ങിയ പച്ചക്കറികളാണ് വളര്‍ത്തിയത്. എല്ലാ ചെടികളും നല്ല വിളവാണ് നല്‍കിയത്. നഗരസഭ ചെയര്‍പേഴ്‌സന്‍ എം.രതി, വൈസ്‌ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, വാര്‍ഡ് കൗണ്‍സിലര്‍ രതി ജനാര്‍ദ്ധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭര്‍ത്താവ് ഗോപിയുടെയും മക്കളുടെയും പിന്തുണകൂടി കൃഷിക്ക് ഉണ്ടായതാണ് മികച്ച വിളവ് ലഭിക്കാന്‍ കാരണമെന്ന് എം.എല്‍.എ പറഞ്ഞു.