മറ്റത്തൂർ: ചെമ്പുച്ചിറ പൂരത്തിന് എഴുന്നള്ളിക്കാൻ കൊണ്ടുവന്ന ആനയെ ലോറിയിൽനിന്ന് ഇറക്കുമ്പോൾ പിൻകാലുകൾ കുത്തിയിരുന്ന് പരിക്കേറ്റു. ഗുരുവായൂർ ദേവസ്വത്തിന്റെ ഗോപീകൃഷ്ണൻ എന്ന ആനയുടെ പാദത്തിനാണ് പരിക്ക്. കൊരേച്ചാൽ ക്ഷേത്രത്തിനു സമീപത്തായിരുന്നു സംഭവം.
ആനയെ കൊണ്ടുവന്ന ലോറിയിൽനിന്ന് ഇറക്കുന്നതിന് സാധാരണ വാഹനത്തിൽ ഉണ്ടാകാറുള്ള ചവിട്ടുപടി ഉണ്ടായിരുന്നില്ല. റോഡരികിലുള്ള പറമ്പിലെ അരമതിലിനോടുചേർന്ന് വാഹനം നിർത്തി അരമതിൽ ചവിട്ടുപടിയാക്കി ഇറക്കുകയായിരുന്നു. ആന പിൻകാലുകൾ ചവിട്ടി ഇറങ്ങുന്നതിനിടെ മതിൽ ഇടിഞ്ഞു. ഇതോടെ ആന മതിലിനോടുചേർന്ന് പിൻഭാഗം കുത്തി ഇരുന്നു. അങ്ങനെയാണ്
പിൻകാലിന് പരിക്കേറ്റത്. ആന വണ്ടിയുടെ അടിയിലേക്ക് നിരങ്ങിയിറങ്ങിയ നിലയിലുമായി. വിവരമറിഞ്ഞ് ഗുരുവായൂർ ദേവസ്വം മാനേജർ മായയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൂടെയുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ പരിശോധിച്ച് മരുന്നുനൽകി. എഴുന്നള്ളിപ്പിൽ പങ്കെടുപ്പിക്കാതെ നാലു മണിക്കൂറിനു ശേഷം ആനയെ ഗുരുവായൂരിലേക്ക് ലോറിയിൽ തിരികെ കൊണ്ടുപോയി. ആന നടന്ന് ലോറിയിൽ സാധാരണരീതിയിൽ കയറി. പരിക്കിനെക്കുറിച്ചും വിശ്രമത്തെക്കുറിച്ചും വിദഗ്‌ധ പരിശോധനയ്ക്കുശേഷമേ പറയാനാകൂവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിക്കേറ്റതിനാല്‍ ഗോപീകൃഷ്ണനെ നാളെ നടക്കുന്ന ഗുരുവായൂര്‍ ആനയോട്ടത്തില്‍ പങ്കെടുപ്പിക്കില്ല. ആനയോട്ടത്തിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഗോപീകൃഷ്ണന്‍.