ഏങ്ങണ്ടിയൂർ: തീരദേശത്തെ പ്രധാന ആഘോഷമായ ഏങ്ങണ്ടിയൂർ ആയിരംകണ്ണി ക്ഷേത്രോത്സവം 17 -ന് നടക്കും. 30 ഉത്സവക്കമ്മിറ്റികളുടേയും ക്ഷേത്രം ട്രസ്റ്റിന്റേതുമുൾപ്പെടെ 31 ആനകൾ പകൽപ്പൂരത്തിൽ അണിനിരക്കും. ക്ഷേത്രം ട്രസ്റ്റിന് വേണ്ടി ഗുരുവായൂർ നന്ദൻ തിടമ്പേറ്റും. മറ്റ് ആനകളുടെ സ്ഥാനക്രമം പിന്നീട് തീരുമാനിക്കും. വൈകീട്ട് അഞ്ച് മുതൽ 7.30 വരെയാണ് എഴുന്നള്ളിപ്പ്. 7.45 മുതൽ 1.50 വരെ ഏഴ് ഉത്സവക്കമ്മിറ്റികളുടെ കാവടി, തെയ്യം, ക്ഷേത്ര കലാരൂപങ്ങൾ എന്നിവയുണ്ടാകും. 19 -ന് പലർച്ചെ അഞ്ച് മുതൽ 7.30 വരേയും എഴുന്നള്ളിപ്പുണ്ടാകും. തുടർന്ന് വിവിധ കലാരൂപങ്ങൾ. 11-നാണ് കൊടിയേറ്റം. ഉത്സവത്തിന്റെ ആലോചനാ യോഗത്തിൽ വാടാനപ്പള്ളി എസ്.എച്ച്.ഒ. ബി.എസ്. ബിനു, സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരായ സുനിലാൽ, രവീന്ദ്രൻ എന്നിവർ നിർദേശങ്ങൾ നൽകി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഉത്തമൻ കാതോട്ട്, സെക്രട്ടറി വിശ്വംഭരൻ കാതോട്ട്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ജയറാം കടവിൽ, ബിനീഷ്, വത്സൻ സുദർശൻ, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ, ഉത്സവക്കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.