ചാവക്കാട്: കോവിഡ് ഹോട്സ്പോട്ടായ ബാംഗ്ലൂരിൽ നിന്നും അനധികൃതമായി കേരളത്തിലേക്ക് കടന്ന് ബ്ലാങ്ങാട് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നയാളെ കഞ്ചാവ് സഹിതം എക്സൈസ് സംഘം പിടികൂടി. ചാവക്കാട് മണത്തല കുരിക്കളകത്ത് ജാഫറിനെയാണ് ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം 100 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്നാണ് സംഘം ഇന്ന് രാവിലെ ഒമ്പതു മണിയോടെ പരിശോധനക്കെത്തിയത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ബാംഗ്ലൂരിൽ നിന്നാണ് ഇയാൾ എത്തിയതെന്ന വിവരം ലഭിച്ചു. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യം അനുവദിച്ച ശേഷം ഇയാളെ താലൂക്ക് ആശുപത്രിയിലേക്ക് നിരീക്ഷണത്തിനായി മാറ്റും. തുടർന്ന് ഇയാളെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയ ശേഷം പരിശോധന ഫലം ലഭിക്കുന്നതിനുസരിച്ച് ഇയാളെ പിടികൂടിയ ഉദ്യോഗസ്ഥർ ക്വാറന്റയിനിൽ കഴിയണമോ എന്നു തീരുമാനിക്കും.