ഗുരുവായൂര്‍: നഗരസഭയുടെ രണ്ട് ജനകീയ നഗരആരോഗ്യ കേന്ദ്രങ്ങള്‍ ഫെബ്രുവരി ആറിന് വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നാടിന് സമര്‍പ്പിക്കും. പഞ്ചാരമുക്ക് കല്ലായി ബസാര്‍, മമ്മിയൂര്‍ കോണ്‍വെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെല്‍ത്ത് ഗ്രാന്റ് ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഓരോ കേന്ദ്രങ്ങളിലും ഒരു മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ്, ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെ ജീവനക്കാര്‍ ഉണ്ടായിരിക്കും. ആര്‍ദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളേയും (സബ് സെന്ററുകള്‍) ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ആരോഗ്യ ഉപകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജനപങ്കാളിത്തത്തോടെ എല്ലാവര്‍ക്കും ആരോഗ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. പുതിയ പകര്‍ച്ചവ്യാധികള്‍, വര്‍ധിക്കുന്ന രോഗാതുരത, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നതിനായാണ് എല്ലാ ആരോഗ്യ ഉപകേന്ദ്രങ്ങളെയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തുന്നത്.