ചാവക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങള്‍ക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ പോളിങ് ബൂത്തുകളിലും പര്യടനം നടത്തുന്ന ‘സഞ്ചരിക്കുന്ന വോട്ട് വണ്ടി’ പര്യടനം തുടങ്ങി. ചാവക്കാട് എം.ആര്‍.ആര്‍.എം എച്ച്.എസ് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ചാവക്കാട് തഹസില്‍ദാര്‍ ടി.കെ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ പുതുക്കിയ വോട്ടര്‍ പട്ടികയുടെ പ്രകാശന കര്‍മ്മം നിയോജകമണ്ഡലത്തിന്റെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറും തൃശൂര്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരുമായ എസ് ഷീബ നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ എം.എ ജോസ് മോന്‍, പി.എന്‍ സുരേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.ഡി ഷീബ, ഹെഡ്മിസ്ട്രസ്സ് എം സന്ധ്യ, ബൂത്ത് ലെവല്‍ ഓഫീസര്‍ ഇ.സി രാകേഷ്, താലൂക്ക് ഓഫീസ് ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥരായ ഇ.എസ് സലിം, സി രമ്യ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വോട്ടിങ് മെഷീന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തി.