Friday, November 22, 2024

തന്റെ ദേഹത്ത് ചാണക വെള്ളമൊഴിക്കാൻ ധൈര്യമുണ്ടോ ? ബി.ജെ.പിയെ വെല്ലുവിളിച്ച് ടി.എൻ പ്രതാപൻ

തൃശൂര്‍: എം.പിയുടെ മേല്‍ ചാണകവെള്ളമൊഴിക്കുമെന്ന ബി.ജെ.പിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി ടി.എന്‍ പ്രതാപന്‍. ധൈര്യമുണ്ടെങ്കില്‍ തന്റെ ദേഹത്ത് ചാണകവെള്ളമൊഴിക്കാന്‍ അദ്ദേഹം വെല്ലുവിളിച്ചു. തിരമാലകളെ ഭയപ്പെടാത്ത, അത് നീന്തിക്കടക്കാന്‍ ആര്‍ജവമുള്ള ആളാണ് താന്‍. ‘ചാണകം മെഴുകിയ തറയില്‍ കിടന്ന് വളര്‍ന്നതാണ്. തന്റെ ശരീരത്തില്‍ പച്ച മത്സ്യത്തിന്റെ ഗന്ധമാണ്. ബി.ജെ.പിയുടെ ഉമ്മാക്കികള്‍ക്കുമുന്നില്‍ പേടിക്കില്ല. പറയുന്ന സ്ഥലത്ത് വരാം, പന്തയംവെക്കാം. ബി.ജെ.പിയും ആര്‍.എസ്.എസും ഭീഷണിപ്പെടുത്തിയാല്‍ വഴങ്ങുന്ന കൂട്ടത്തിലല്ല പ്രതാപന്‍’ – അദ്ദേഹം പറഞ്ഞു.

‘എന്റെ മുഖത്തുകാണുന്ന അടയാളം എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആര്‍.എസ്.എസുകാര്‍ വന്ന് ഇടിക്കട്ടക്കൊണ്ട് ആക്രമിച്ചതിന്റേതാണ്. ഒരു കാരണവശാലും ആര്‍.എസ്.എസിനും ബി.ജെ.പിക്കും മുസ്ലിം തീവ്രവാദത്തിനും കീഴടങ്ങില്ല’, അദ്ദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ ജയിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ബി.ജെ.പി. ബോധപൂര്‍വ്വം വര്‍ഗീയ സംഘര്‍ഷ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അത് വിലപ്പോവില്ല. ആര്‍.എസ്.എസിന്റെ ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പി.എഫ്.ഐയുടെ ന്യൂനപക്ഷ വര്‍ഗീയതയ്ക്കും എതിരാണ് ഞാനടക്കമുള്ള കോണ്‍ഗ്രസുകാര്‍. മുസ്ലിം ന്യൂനപക്ഷ വര്‍ഗീയതയേയും ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ക്കും. ഒരു പത്രം പിടിച്ചുനില്‍ക്കുന്ന ഫോട്ടോ വെച്ചാണ് നിരോധിത സംഘടനയുമായി ബന്ധമെന്ന് പറഞ്ഞുയര്‍ത്തുന്ന ആരോപണം ബി.ജെ.പിക്ക് തന്നെ അപമാനമാണ്, പാപ്പരത്തമാണെന്നും അദ്ദേഹം പരിഹസിച്ചു.

രണ്ടുലക്ഷം വനിതകളുടെ പരിപാടിക്ക് 40,000 കസേരകള്‍ക്കാണ് ഏല്‍പ്പിച്ചത്. ആ സ്ഥലത്ത് എത്ര കസേര ഇടാന്‍ കഴിയുമെന്ന് സ്‌ക്വയര്‍ ഫീറ്റ് അളന്നാല്‍ മനസിലാകും. പ്രധാനമന്ത്രി കേരളത്തെക്കുറിച്ചോ കേരളത്തിന് വേണ്ടിയോ ഒന്നും സംസാരിച്ചില്ല. ഇവിടെ കേന്ദ്രീകരിക്കുന്നു എന്ന് പറയുന്ന ആരെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചില്ല. ബി.ജെ.പി. നേതൃത്വം വലിയ നിരാശയിലാണ്. സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുടെ നിരാശ പ്രകടിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ മെക്കിട്ടുകേറുകയാണ്. കോണ്‍ഗ്രസിന്റെ മെക്കിട്ടുകേറാന്‍ വരുമ്പോ എടുക്കുന്നത് വര്‍ഗീയതയാണ്. അത് അടുത്ത് വിലപ്പോവില്ല. തൃശ്ശൂരില്‍ ഞങ്ങളും ബി.ജെ.പിയും നേര്‍ക്കുനേരെയാണ്. ഞങ്ങള്‍ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്, ഇടതുപക്ഷത്തോടല്ല വെല്ലുവിളി. കോണ്‍ഗ്രസുമായി ഏതര്‍ഥത്തിലും ഏറ്റുമുട്ടാന്‍ തയ്യാറാണെങ്കില്‍ വാ. വ്യക്തിപരമായി ആക്രമിക്കും, തേജോവധം ചെയ്യും, ഗോ മൂത്രം ഒഴിക്കും എന്നൊക്കെ ഏതെങ്കിലും സി.പി.എമ്മിന്റെ കുട്ടികളോട് പറഞ്ഞാല്‍ മതി.

‘അമിത് ഷായും നരേന്ദ്രമോദിയും പാര്‍ലമെന്റില്‍ ഇരിക്കുമ്പോള്‍ കൈ ചൂണ്ടി മുദ്രാവാക്യം വിളിച്ച ആളാണ് ഞാന്‍, ചോദ്യം ചോദിച്ച ആളാണ് ഞാന്‍. ബിജെപിക്കും ആര്‍എസിഎസിനും ഒന്നാമത്തെ ശത്രു ഞാനായിരിക്കും ആ വെല്ലുവിളി ഞാന്‍ ഏറ്റെടുക്കുകയാണ്’, ടി.എന്‍. പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.”

RELATED ARTICLES
- Advertisment -

Most Popular

Recent Comments