Saturday, November 23, 2024

മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്; ഹണി ട്രാപ്പ് കേസ്സിലെ പ്രതിയായ വാടാനപ്പള്ളി സ്വദേശിനി പിടിയിൽ

തൃശൂർ: മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ പ്രതിയായ യുവതി പിടിയിൽ. വാടാനപ്പളളി രായംമരയ്ക്കാർ വീട്ടിൽ സജീറിന്റെ ഭാര്യ സോന എന്നു വിളിക്കുന്ന റുക്സാന ഭാഗ്യവതി(38)യാണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്. റുക്സാന കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസ്സിലെ പ്രധാന പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മാവേലിക്കരയിലുളള ധനകാര്യ സ്ഥാപനത്തിൽ നിന്നും മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിലാണ് യുവതി ഇപ്പോൾ പിടിയിലായത്. നേരത്തെ ഈ കേസ്സിൽ ഒന്നാം പ്രതിയായ മാവേലിക്കര തഴക്കര, കോലേഴത്തു വീട്ടിൽ സുധീഷിനെയും റുക്സാനയുടെ ഭർത്താവായ സജീറിനെയും മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിലങ്ങോളമിങ്ങോളം സമാനമായ തട്ടിപ്പു കേസ്സുകൾ നടത്തി വന്നിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് റുക്സാനയെന്ന് പോലീസ് പറഞ്ഞു. 2023 ഫെബ്രുവരിയിൽ തട്ടിപ്പ് നടത്തിയതിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു റുക്സാന. ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എം.കെ ബിനുകുമാറിന്റെ മേൽ നോട്ടത്തിൽ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച മാവേലിക്കര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ എം.എസ് എബി, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ എസ്  സജുമോൾ, സീനിയർ സിവിൽ പോലീസ് ഓഫീസറായ റുക്സർ എന്നിവരടങ്ങിയ സംഘത്തിന്റെ അന്വേഷണത്തിലൊടുവിൽ വടക്കാഞ്ചേരിയിൽ നിന്നാണ് റുക്സാന പിടിയിലായത്. പിടിയിലായ പ്രതിയെ മാവേലിക്കര സ്റ്റേഷനിലെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തിയതിന് ശേഷം മാവേലിക്കര  ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments