ചാവക്കാട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള പ്രവർത്തനങ്ങളും സമ്പൂർണ്ണ അനിമേഷൻ സിനിമ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ചാവക്കാട് ഉപജില്ലയിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു. മണത്തല ജി.എച്ച്.എസ് സ്കൂളിൽ നടന്ന ക്യാമ്പിൽ ഓരോ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും അനിമേഷൻ, പ്രോഗ്രാമിങ് എന്നീ വിഭാഗങ്ങളിൽ മികവ് പുലർത്തിയവരാണ് പങ്കെടുത്തത്.
പൂർണ്ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയായിരുന്നു പരിശീലനം. അനിമേഷൻ വിഭാഗത്തിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനിമേഷൻ സിനിമകൾ തയ്യാറാക്കൽ, കെഡെൻ ലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റ് ചെയ്യൽ, ത്രിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആയ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ ടൈറ്റിൽ തയ്യാറാക്കൽ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരുന്നു. പ്രോഗ്രാമിങ് വിഭാഗത്തിൽ പിക്റ്റോ ബ്ലോക്സ് സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള ഗെയിം നിർമാണം, നിർമിത ബുദ്ധി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന വാതിൽ, ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പ് നൽകുന്ന ഉപകരണം, റോബോട്ടിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവ പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന തരംതിരിക്കൽ യന്ത്രം എന്നീ പ്രവർത്തനങ്ങൾ കുട്ടികളിൽ കൗതുകമുണർത്തി. ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു.