Saturday, September 21, 2024

നെയ്ത്തിരികൾ പ്രഭ വിതറി; ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നള്ളി

ഗുരുവായൂർ: അഷ്ടമിവിളക്കിന് പതിനായിരത്തോളം ദീപങ്ങളിൽ നെയ്ത്തിരികൾ പ്രഭവിതറി നിൽക്കെ ഗുരുവായൂരപ്പൻ സ്വർണക്കോലത്തിൽ എഴുന്നള്ളി. ഇനി നവമി, ദശമി, ഏകാദശി വിളക്കുകൾക്കും രാത്രി സ്വർണക്കോലത്തിലാണ് പൊൻതിടമ്പ് എഴുന്നള്ളിക്കുക. അഷ്ടമിവിളക്കാഘോഷം ഗുരുവായൂർ പുളിക്കിഴെ വാരിയത്ത് കുടുംബം വകയായിരുന്നു. വിളക്കിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ മൂന്ന് കൊമ്പൻമാരിൽ ഇന്ദ്രസെൻ സ്വർണക്കോലമേറ്റിയതോടെ നെയ്‌വിളക്കുകൾ തെളിഞ്ഞു. ഇടയ്ക്കയിൽ താളമിട്ട് അടിയന്തരമാരാർ മഹാവിഷ്ണുവിനെ സ്തുതിച്ചു. അഞ്ചാമത്തെ പ്രദക്ഷിണത്തിൽ തിരുവല്ല രാധാകൃഷ്ണൻ നയിച്ച മേളമായിരുന്നു മുൻപിൽ. ഇന്ന് പ്രാധാന്യമേറിയ നവമി വിളക്കാണ്. കൊളാടി കുടുംബം വകയാണ് നവമി ഇത്. രാത്രി വിളക്ക് എഴുന്നള്ളിച്ചാൽ അഞ്ച് പ്രദക്ഷിണവും പൂർത്തിയാക്കി തിരിച്ച് നാലമ്പലത്തിലേക്ക് എഴുന്നള്ളുന്നതുവരെ ശ്രീലകം തുറന്നിരിയ്ക്കും. നവമി നമസ്കാരസദ്യയും വിശേഷതയാണ്. പ്രൗഢിയേറിയ ദശമിവിളക്ക് നാളെ ആഘോഷിക്കും. തിരുനാമാചാര്യൻ ആഞ്ഞം മാധവൻ നമ്പൂതിരി സ്ഥാപിച്ച ശ്രീ ഗുരുവായൂരപ്പൻ സങ്കീർത്തനട്രസ്റ്റിന്റേതാണ് ദശമിവിളക്ക്. ദശമി നാളിൽ പുലർച്ചെ മൂന്നിന് നട തുറന്നാൽ ഏകാദശിയും കഴിഞ്ഞ് ദ്വാദശി ദിവസം രാവിലെ വരെ പൂജകൾക്കല്ലാതെ നട അടയ്ക്കില്ല. വ്യാഴാഴ്ചയാണ് ഗുരുവായൂർ ഏകാദശി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments