Friday, September 20, 2024

ഗുരുവായൂരിന്റെ സ്വപ്നത്തിന് സാക്ഷാത്ക്കാരമായി; ഗുരുവായൂർ റെയിൽവേ പാലം ഉദ്ഘാടനം ചെയ്തു

ഗുരുവായൂർ: കിഫ്ബിയെയും കിഫ്ബി പദ്ധതികളെയും എതിർക്കുന്നവർക്കുള്ള മറുപടിയാണ് ഗുരുവായൂർ റെയിൽവേ മേൽപ്പാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂരിന്റെ ചിരകാല സ്വപ്നമായ റെയില്‍വേ മേല്‍പ്പാലം ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വീഡിയോ വാർത്ത

കിഫ്ബി ഫണ്ടുകൾ വിനിയോഗിച്ചാണ്. നാടിന് ഗുണകരമായ വികസന പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞത്. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കുമാണ് സർക്കാർ കൂടുതൽ പരിഗണന നൽകുന്നതെന്നും ഗുരുവായൂരിന്റെ തിളക്കമാർന്ന മുഖമായി റെയിൽവേ മേൽപ്പാലത്തിന് മാറാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ലെവൽ ക്രോസ്സ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 72 പാലങ്ങൾ സംസ്ഥാനത്ത് നിർമ്മിക്കുമെന്നും നവകേരള സദസ്സിന് മുന്നോടിയായുള്ള സമ്മാനമാണ് റെയിൽവേ മേൽപ്പാലമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

റവന്യൂ മന്ത്രി കെ രാജന്‍, ടി.എന്‍ പ്രതാപന്‍ എം.പി, എന്‍.കെ അക്ബര്‍ എം.എല്‍.എ എന്നിവർ വിശിഷ്ടാതിഥികളായി. ഗുരുവായൂർ ടൗൺഹാളിൽ നടന്ന ചടങ്ങിൽ എംഎല്‍എമാരായ മുരളി പെരുനെല്ലി, ഇ.ടി. ടൈസൺ മാസ്റ്റർ, പ്രവാസി ക്ഷേമ ബോര്‍ഡ് ചെയര്‍മാനും മുൻ എംഎൽഎയുമായ കെ.വി. അബ്ദുള്‍ ഖാദര്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍, കിഫ്ബി സിഇഒ ഡോ. കെ.എം എബ്രഹാം, സതേണ്‍ റെയില്‍വേ ചീഫ് എഞ്ചിനീയര്‍ വി. രാജഗോപാലന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായി. 

നഗരസഭംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, കരാറുകാർ ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. ആര്‍.ബി.ഡി.സി.കെ ജനറല്‍ മാനേജര്‍ ടി.എസ് സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആര്‍.ബി.ഡി.സി.കെ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് സ്വാഗതവും ഗുരുവായൂര്‍ നഗരസഭാ ചെയര്‍മാന്‍ എം. കൃഷ്ണദാസ് നന്ദിയും പറഞ്ഞു

തുടർന്ന് മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്  നാട മുറിച്ച് പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു. മന്ത്രി കെ രാജൻ, ടി എൻ പ്രതാപൻ , എംഎൽഎമാരായ എൻ കെ അക്ബർ, മുരളി പെരുനെല്ലി, മുൻ എംഎൽഎ കെ.വി. അബ്ദുള്‍ ഖാദർ എന്നിവർക്കൊപ്പം മന്ത്രി പി എ മുഹമ്മദ് റിയാസ് പാലത്തിലൂടെ നടന്നു. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് ഇവർക്ക് പിന്നാലെ പാലത്തിലൂടെ നടന്നത്. ഗുരുവായൂരിന്റെ സ്വപ്ന പദ്ധതി പൂർത്തീകരിച്ച സർക്കാറിന് അഭിവാദ്യങ്ങൾ അർപ്പിച്ച് ഒട്ടേറെ പേർ ഇതേസമയം മുദ്രാവാക്യം വിളികളുമായി പിന്നാലെ നടന്നു നീങ്ങി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments