തൃശൂർ: റെയിൽവേ മന്ത്രാലയത്തിന്റെ കീഴിൽ രാജ്യത്ത് നടപ്പാക്കുന്ന അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ ഗുരുവായൂർ സ്റ്റേഷനെ ഉൾപ്പെടുത്തിയതായി ടി.എൻ പ്രതാപൻ എം.പി അറിയിച്ചു. സ്റ്റേഷന്റെ മാസ്റ്റർ പ്ലാനുകൾ റെയിൽവേ അംഗീകരിച്ചു. ടെൻഡർ നടപടി പൂർത്തീകരിച്ചശേഷം നിർമാണം ആരംഭിക്കും. ഗുരുവായൂരിന് അംഗീകരിച്ച കെട്ടിടത്തിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. സ്റ്റേഷനുകളിൽ യാത്രക്കാർക്കുള്ള സൗകര്യങ്ങൾ പുതുക്കുന്നതിനും പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി ലക്ഷ്യമിടുന്നത്. ഇ- നടപ്പാലങ്ങൾ, ലിഫ്റ്റുകൾ, എസ്കലേറ്ററുകൾ, സർക്കുലേറ്റിങ് ഏരിയ മെച്ചപ്പെടുത്തൽ, പാർക്കിങ് സൗകര്യം, സ്‌റ്റെയ്‌ൻലെസ് സ്റ്റീൽ ബെഞ്ചുകളും വാഷ് ബേസിനുകളും, മികച്ച വെളിച്ച സംവിധാനം, സി.സി ടിവി എന്നിവയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി തൃശ്ശൂർ ലോകസഭ മണ്ഡലത്തിലെ റെയിൽവേ വികസന പദ്ധതികൾ അവലോകനം ചെയ്യുന്നതിനും ആവശ്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ടി.എൻ പ്രതാപൻ എം.പിയുടെ നേതൃത്വത്തിൽ ജൂലൈ 18 ഉച്ചയ്ക്ക് 1 മണിയ്ക്ക് തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ ഉന്നതതല യോഗം ചേരും. ഡിവിഷണൽ റെയിൽവേ മാനേജർ എസ്.എം ശർമ്മ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കുമെന്ന് ടി.എൻ പ്രതാപൻ എം.പി വാർത്താ കുറിപ്പിൽ അറിയിച്ചു.