ചാവക്കാട്: ചാവക്കാട് താലൂക്ക് ആശുപത്രി പുതിയ ഔട്ട് പേഷ്യന്റ് ഡിപ്പാർട്ട്മെന്റ് നാടിന് സമർപ്പിച്ചു. ആരോഗ്യ, വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ പ്രവർത്തകർ സംരക്ഷിക്കപ്പെടണമെന്ന പൊതുബോധം സമൂഹത്തിൽ വളരണമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം സംരക്ഷിക്കുകയും ഭയരഹിത സാഹചര്യം ഉണ്ടാക്കുകയും ചെയ്യേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാൻസർ രോഗത്തിന്റെ സൂഷ്മകോശങ്ങളെ കണ്ടെത്തി ചികിത്സ നടത്തുന്ന റോബോർട്ടിക് സർജറി സംസ്ഥാനത്ത് ഈ വർഷം തന്നെ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.
രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്നതിന് ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംസ്ഥാനം കേരളമാണ്. 1650 കോടി രൂപയാണ് സർക്കാർ ഈ രംഗത്ത് വിനിയോഗിച്ചത്. പൊതുജനാരോഗ്യ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് നടക്കുന്നത്. പണമില്ലാത്തതിന്റെ പേരിൽ ഒരാൾക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി തൃശൂർ ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ സേവന പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവ്വഹിച്ചു. എൻ.കെ അക്ബർ എം.എൽ.എ അധ്യക്ഷനായി. ടി എൻ പ്രതാപൻ എം.പി, മുൻ എം.എൽ.എ കെ.വി അബ്ദുൾ ഖാദർ തുടങ്ങിയവർ മുഖ്യതിഥികളായി.
നഗരസഭാ വൈസ് ചെയർമാൻ കെ.കെ മുബാറക്ക്, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, പി.എസ് അബ്ദുൽ റഷീദ്, അഡ്വ. എ.വി മുഹമ്മദ് അൻവർ, പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ എം.ബി പ്രമീള, താലൂക്ക് ആശുപത്രി ജീവനക്കാർ, ഉദ്യോഗസ്ഥർ, ആരോഗ്യപ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തൃശൂർ ഡി.എം.ഒ ടി.പി ശ്രീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഷീജ പ്രശാന്ത് സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് പി.കെ ശ്രീജ നന്ദിയും പറഞ്ഞു.