Friday, September 20, 2024

കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദം; കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതി കുറിപ്പ് വ്യാജമായി നിർമ്മച്ചതാണെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്

ഗുരുവായൂർ: കോൺഗ്രസ്‌ ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കെ.പി.സി.സി പ്രസിഡന്റിന് നൽകിയ പരാതി കുറിപ്പ് വ്യാജമായി നിർമ്മച്ചതാണെന്ന ആരോപണവുമായി ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ രംഗത്ത്.
കെ.പി.സി.സി അഗം പി.കെ അബൂബക്കർ ഹാജിയുടെ വ്യാജ ഒപ്പാണ് പരാതിയിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഇവർ ആരോപിച്ചു. അബൂബക്കർ ഹാജിക്ക് ഈ പരാതിയെ കുറിച്ച് യാതൊരു അറിവുമില്ലെന്നും പരാതിയിൽ ഒപ്പ് രേഖപ്പെടുത്തിയിട്ടുള്ള മണ്ഡലം പ്രസിഡന്റുമാരടക്കം പകുതിയിലധികം പേരും പരാതിയെ കുറിച്ച് അറിഞ്ഞിട്ടില്ലെന്നും ഇവർ പറഞ്ഞു.

ഇവരുടെതും കൃത്രിമമായി ഉണ്ടാക്കിയ ഒപ്പാണ്. ഇത്തരത്തിൽ വ്യാജഒപ്പുകൾ നിറച്ച പരാതി തയ്യാറാക്കി പാർട്ടി നേതൃത്വത്തെ കബളിപ്പിച്ചതിനും, കോൺഗ്രസ്‌ പ്രസ്ഥാനത്തെ പൊതുമധ്യത്തിൽ അപഹാസ്യമാക്കിയതിനും നേതൃത്വം നൽകിയ ഡിസിസി സെക്രട്ടറി ടി.എസ് അജിത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയതായി ഇവർ അറിയിച്ചു. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് സി.എ ഗോപപ്രതാപൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റുമാരായ പി.വി ബദറുദ്ധീൻ, അരവിന്ദൻ പല്ലത്ത്, പി.കെ രാജേഷ് ബാബു, ബ്ലോക്ക്‌ സെക്രട്ടറിമാരായ ശിവൻ പാലിയത്ത്, ആർ.കെ നൗഷാദ്, പി.എ നാസർ, കാട്ടിത്തറ ഹംസ, സൈസൺ മാറോക്കി, സുനിൽ നെടുമാട്ടുമ്മൽ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ഭാരവാഹി ബീന രവിശങ്കർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റുമാരായ കെ.ജെ ചാക്കോ, ഐ.പി രാജേന്ദ്രൻ, മഹിളാ കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് സുബൈദ പാലക്കൽ, ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ് ശിവദാസ്, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് വിമൽ പൂക്കോട്, യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് എച്ച്.എം നൗഫൽ, ജില്ലാ സെക്രട്ടറി മൊയ്‌ദീൻഷാ പള്ളത്ത്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ എന്നിവരാണ് പരാതിയിൽ ഒപ്പിട്ടിട്ടുള്ളത്. മാർക്സിസ്റ്റ് പാർട്ടിയുമായി കൂട്ടുചേർന്ന് ബ്ലോക്ക്‌ പ്രസിഡന്റിനെ വ്യക്തിപരമായി അപമാനിക്കുന്നതിനും കോൺഗ്രസ്‌ പ്രസ്ഥാനത്തെ രാഷ്ട്രീയമായി തളർത്തുന്നതിനും നേതൃത്വം നൽകുകയാണ് ഡി.സി.സി സെക്രട്ടറി ടി.എസ് അജിത്തെന്ന് പരാതിയിൽ ആരോപണമുന്നയിച്ചു. നേരത്തെ ബിജെപിയുമായി സഖ്യം ചേർന്ന് ബാർ കൗൺസിൽ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയതിന് പാർട്ടി നടപടി നേരിട്ട ഇദ്ദേഹം നിരന്തരമായി കോൺഗ്രസിന്റെ രാഷ്ട്രീയ ശത്രുക്കളുമായി കൂട്ട് ചേർന്ന് പ്രവർത്തിച്ച് വരുന്ന ആളാണെന്നും ഗുരുവായൂർ നഗരസഭ യു.ഡി.എഫ് ഭരണം എന്നെന്നേക്കുമായി അവസാനിപ്പിച്ച 1999ലെ ചെയർപേഴ്സനെതിരെയുള്ള അവിശ്വാസ പ്രമേയ നടപടിക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമാണെന്നും പരാതിയിലുണ്ട്. പല തവണ ഗുരുവായൂർ അർബൻ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പാനലിനെതിരെ സി.പി.എം പാനലുമായി സഹകരിച്ച് മത്സരരംഗത്ത് വന്നതിന് നേതൃത്വം നൽകിയതും ടി.എസ് അജിത്താണെന്നും നേതാക്കൾ ആരോപിച്ചു.

പ്രധാനമന്ത്രി കേരളത്തിൽ സന്ദർശനം നടത്തിയ ദിവസത്തിലാണ് വിവാദത്തിന് കാരണമായ ഫേസ്ബുക്ക് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘കസവുമുണ്ടും മേൽ മുണ്ടും ധരിച്ച് പ്രധാനമന്ത്രി; പുഷ്പിയോടെ സ്വീകരിച്ച് ആയിരങ്ങൾ’ എന്ന തലക്കെട്ടോടെയുള്ള മോദിയുടെ വാർത്താ ചിത്രമാണ് ഗോപപ്രതാപന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
അല്പസമയത്തിനകം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.സംഭവം ശ്രദ്ധയിൽ പെട്ടതോടെ വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഗോപപ്രതാപനെതിരെ രംഗത്തെത്തി.
എന്നാൽ, വീട്ടിലെ കുട്ടികളിൽ നിന്നും സംഭവിച്ച അബദ്ധമാണ് ചിത്രം ഷെയർ ചെയ്യാൻ കാരണമായതെന്ന് ഗോപ്രതാപൻ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments