ഗുരുവായൂർ: ഫേസ്ബുക്ക് പോസ്റ്റിലൂടെ നരേന്ദ്ര മോദിയെ പരസ്യമായി പ്രകീർത്തിക്കാനും അഭിനന്ദിക്കാനും ശ്രമിച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റിന് കോൺഗ്രസ് നേതാക്കളുടെ പരാതി. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ എല്ലാ വിധ പരിശ്രമങ്ങളും നടത്തുന്ന മോദിയുടെ കേരള സന്ദർശന ദിനത്തിൽ മോദിയെ സ്തുതിച്ച് ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ച ഗോപപ്രതാൻ ഗുരുതരമായ പാർട്ടി വിരുദ്ധ പ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്ന് നേതാക്കൾ പരാതിയിൽ ആരോപിച്ചു. സി.എ ഗോപപ്രതാപനെതിരെ ഒട്ടേറെ ആരോപണങ്ങളാണ് നേതാക്കൾ പരാതിയിൽ ഉയർത്തിയിട്ടുള്ളത്. മണത്തല മേൽപ്പാല പ്രക്ഷോഭ സമരവുമായി ബന്ധപ്പെട്ട് ചേർന്ന യു.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം യോഗത്തിൽ മേൽപ്പാല പ്രക്ഷോഭ സമരത്തിൽ ബി.ജെ.പിയെ കൂടി ഉൾപ്പെടുത്തണമെന്ന് ആവശ്യം ഉന്നയിച്ച ബ്ലോക്ക് പ്രസിഡണ്ടിനെതിരെ യോഗത്തിൽ പ്രതിഷേധം ഉയർന്നപ്പോഴാണ് തീരുമാനം അന്ന് പിൻവലിച്ചത്.
കൂടാതെ മണത്തല ചാപ്പറമ്പിൽ ബി.ജെ.പി പ്രവർത്തകൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ അനുശോചിച്ച് ബി.ജെ.പിയെ അനുകൂലിച്ച് പത്രമാധ്യമങ്ങളിൽ വാർത്ത നൽകിയതും വ്യാപക പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. നിരന്തരമായി ആർ.എസ്.എസ് – ബി.ജെ.പി അനുകൂല നിലപാട് സ്വീകരിക്കുന്ന ബ്ലോക്ക് പ്രസിഡന്റിന്റെ നടപടിയിൽ പ്രതിഷേധിച്ച് നിരവധി ന്യൂനപക്ഷ കുടുംബങ്ങളാണ് പാർട്ടി വിട്ടു പോയിട്ടുള്ളത്.
പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഡി.സി.സി പാനലിനെതിരെ ബി.ജെ.പിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ഗോപ പ്രതാപൻ റിബൽ പാനൽ ഉണ്ടാക്കി മത്സരിപ്പിക്കുകയും ചെയ്തിരുന്നു. നഗരസഭ തിരഞ്ഞെടുപ്പിൽ നഗരസഭ മുൻ ചെയർമാനും കെ.പി.സി.സി മെമ്പറുമായ പി.കെ അബൂബക്കർ ഹാജിയുടെ വാർഡിൽ മൽസരിച്ച യു.ഡി.എഫ് ചെയർമാൻ സ്ഥാനാർത്ഥിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പത്രങ്ങളിൽ വാർത്ത നൽകിയ പരാതിയും ഗോപപ്രതാപനെതിരെ നിലനിൽക്കുന്നുണ്ട്. ഇങ്ങനെ പാർട്ടിയെയും പാർട്ടി നേതാക്കളെയും പൊതുസമൂഹത്തിൽ അപമാനിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപപ്രതാപനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഡി.സി.സി പ്രസിഡണ്ടിനും യു.ഡി.എഫ് ചെയർമാനും ഇതേ പരാതി സമർപ്പിച്ചിട്ടുണ്ട്.
കെ.പി.സി.സി മെമ്പർ പി.കെ അബൂബക്കർ ഹാജി, ഡി.സിസി ജനറൽ സെക്രട്ടറിമാരായ അഡ്വക്കേറ്റ് ടി.എസ് അജിത്ത്, എ.എം അലാവുദ്ദീൻ, കെ.ഡി വീരമണി, പി യതീന്ദ്രദാസ്, ഗുരുവായൂർ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, ചാവക്കാട് നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി സത്താർ, ഗുരുവായൂർ നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ കെ നവാസ്, ചാവക്കാട് മണ്ഡലം പ്രസിഡണ്ട് കെ.വി ഷാനവാസ്, പൂക്കോട് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആന്റോ തോമസ്, വൈലത്തൂർ മണ്ഡലം പ്രസിഡന്റ് ശ്രീധരൻ മാക്കാലിക്കൽ, ഡി.സി.സി മെമ്പർ പി ഗോപാലൻ, വടക്കേക്കാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എൻ.എം.കെ നബീൽ, പുന്നയൂർക്കുളം ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പി രാജൻ, പുന്നയൂർക്കുളം വെസ്റ്റ് മണ്ഡലം പ്രസിഡന്റ് മൂസ ആലത്തയിൽ, പൂക്കോട് ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് നജീബ് മാസ്റ്റർ, പുന്നയൂർ മണ്ഡലം പ്രസിഡന്റ് മുനാഷ് മച്ചിങ്ങൽ, മൈനോറിട്ടി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എച്ച് ഷാഹുൽ ഹമീദ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ സൂരജ്, വി.കെ സുജിത്ത്, കെ.ബി വിജു, ഏങ്ങണ്ടിയൂർ മണ്ഡലം പ്രസിഡന്റ് യു.കെ പീതാംബരൻ, ഗുരുവായൂർ മണ്ഡലം മുൻ പ്രസിഡന്റ് ഒ കെ ആർ മണികണ്ഠൻ, വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.പി ഉമ്മർ , ചാവക്കാട് മണ്ഡലം സെക്രട്ടറി സുൽഫിക്കർ എന്നിവരാണ് പരാതിയിൽ ഒപ്പ് വെച്ചിട്ടുള്ളത്.
‘കസവുമുണ്ടും മേൽ മുണ്ടും ധരിച്ച് പ്രധാനമന്ത്രി; പുഷ്പിയോടെ സ്വീകരിച്ച് ആയിരങ്ങൾ’ എന്ന തലക്കെട്ടോടെയുള്ള മോദിയുടെ വാർത്താ ചിത്രമാണ് ഗോപപ്രതാപന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
അല്പസമയത്തിനകം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.സംഭവം ശ്രദ്ധയിൽ പെട്ടതോടെ വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഗോപപ്രതാപനെതിരെ രംഗത്തെത്തി.
എന്നാൽ, വീട്ടിലെ കുട്ടികളിൽ നിന്നും സംഭവിച്ച അബദ്ധമാണ് ചിത്രം ഷെയർ ചെയ്യാൻ കാരണമായതെന്ന് ഗോപ്രതാപൻ പറഞ്ഞു.