കല്ലേറ്റുങ്കര: മാങ്ങ പറിക്കാൻ കയറിയയാൾ ബോധരഹിതനായി മാവിൽ കുടുങ്ങി. അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തി. കൊഴുവേലിപ്പറമ്പിൽ ഡേവീസി (55)നെയാണ് ഇരിങ്ങാലക്കുടയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തിയത്. കല്ലേറ്റുംകര ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനു സമീപം പണഞ്ചിക്കുന്നത്ത് ശശികലയുടെ വീട്ടുപറമ്പിലായിരുന്നു സംഭവം. ഏറെ ഉയരത്തിലുള്ള മാവിൽ ഏകദേശം 30 അടിയോളം ഉയരത്തിലാണ് ഡേവിസ് മാങ്ങ പറിക്കാൻ കേറിയത്.
എന്നാൽ ബി.പി. കുറഞ്ഞതിനെത്തുടർന്ന് പെട്ടെന്ന് ബോധരഹിതനാവുകയായിരുന്നു. അഗ്നിരക്ഷാ സേനയെത്തുമ്പോൾ മാവിൻകൊമ്പിൽ കുരുങ്ങിക്കിടക്കുകയായിരുന്നു ഡേവീസ്. തുടർന്ന് ലാഡറും റോപ്പും വലയും ഉപയോഗിച്ച് ഇയാളെ താഴെ ഇറക്കി ആശുപത്രിയിലെത്തിച്ചു.
സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം.എൻ. സുധൻ, സി. ഗോകുൽ, കെ.എസ്. സുമേഷ് എന്നിവരാണ് മരത്തിന്റെ മുകളിൽക്കയറി ഡേവീസിനെ താഴയിറക്കിയത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ്. മണിയൻ, ഡ്രൈവർ എസ്. സന്ദീപ്, ഹോം ഗാർഡ് കെ.എ. ലിസ്സൻ, നാട്ടുകാരനായ യദു എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.