തിരുവനന്തപുരം: കണിയാപുരത്ത് പെട്രോള്‍ പമ്പ് മാനേജരുടെ പക്കല്‍ നിന്നും രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ട് പേര്‍ പിടിയില്‍. ഇന്‍സ്റ്റഗ്രാം റീല്‍സ് താരം കിളിമാനൂര്‍ കീഴ്‌പേരൂര്‍ കിട്ടുവയലില്‍ വീട്ടില്‍ മീശ വിനീത് എന്ന വിനീത് (26), കിളിമാനൂര്‍ വെള്ളല്ലൂര്‍ കാട്ടുചന്ത ചിന്ത്രനല്ലൂര്‍ ചാവരുകാവില്‍ പുതിയ തടത്തില്‍ വീട്ടില്‍ ജിത്തു (22) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.
ബാങ്കില്‍ അടയ്ക്കാന്‍ കൊണ്ടുപോയ തുകയാണ് സംഘം കവര്‍ന്നത്. വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂര്‍ സ്റ്റേഷനില്‍ ബലാത്സംഗ കേസിലും പ്രതിയാണ്.
ഇവരെ തൃശൂരിലെ ലോഡ്ജില്‍ നിന്നാണ് മംഗലപുരം പൊലീസും ഡന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. കവര്‍ച്ചയ്ക്കു ശേഷം ഇരുവരും സ്‌കൂട്ടര്‍ ഉപേക്ഷിച്ച ശേഷം പല സ്ഥലങ്ങളില്‍ ലോഡ്ജുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു. കണിയാപുരത്തുള്ള എസ് ബി ഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ചാണ് കവര്‍ച്ച നടന്നത്. പണവുമായി കടക്കാന്‍ ശ്രമിച്ച ഇരുവരുടെയും പിന്നാലെ മാനേജര്‍ ഓടിയെങ്കിലും ഇവരെ പിടിക്കാനായില്ല.
മാനേജര്‍ ഉടന്‍ തന്നെ മംഗലപുരം പൊലീസില്‍ വിവരം അറിയിച്ചു. മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രാത്രിയോടെ ഇവര്‍ സഞ്ചരിച്ച ഹോണ്ട ഡിയോ സ്‌കൂട്ടര്‍ പോത്തന്‍കോട് പൂലന്തറയില്‍ നിന്നും കണ്ടെടുത്തു. നിരവധി സി.സി.ടി.വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.