Monday, November 25, 2024

ഡല്‍ഹിയെ അഞ്ചുവിക്കറ്റിന് തകര്‍ത്ത് ഗുജറാത്തിന് തുടര്‍ച്ചയായ രണ്ടാം വിജയം

ഡല്‍ഹി: ഐ.പി.എല്ലില്‍ നിലവിലെ ചാമ്പ്യന്മാര്‍ കുതിപ്പ് തുടരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം നേടിക്കൊണ്ട് ഗുജറാത്ത് ടൈറ്റന്‍സ് ആരാധകരുടെ മനം കവര്‍ന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് വിജയമാഘോഷിച്ചത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം18.1 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തി ഗുജറാത്ത് മറികടന്നു. അര്‍ധസെഞ്ചുറി നേടി പുറത്താവാതെ നിന്ന യുവതാരം സായ് സുദര്‍ശനാണ് ടീമിന്റെ വിജയശില്‍പ്പി. 62 റണ്‍സാണ് താരം അടിച്ചെടുത്തത്. ഡല്‍ഹി തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വി ഏറ്റുവാങ്ങി

163 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 54 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ആദ്യം പുറത്തായത് ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയാണ്. 14 റണ്‍സെടുത്ത സാഹയെ ആന്റിച്ച് നോര്‍ക്യെ ബൗള്‍ഡാക്കി. തൊട്ടുപിന്നാലെ ടീമിന്റെ ബാറ്റിങ് പ്രതീക്ഷയായ ശുഭ്മാന്‍ ഗില്ലിനെയും ബൗള്‍ഡാക്കി നോര്‍ക്യെ കൊടുങ്കാറ്റായി. 14 റണ്‍സാണ് ഗില്ലിന്റെയും സമ്പാദ്യം.

മൂന്നാമനായി വന്ന സായ് സുദര്‍ശന്‍ അനായാസം ബാറ്റുവീശിയപ്പോള്‍ മറുവശത്ത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പതറി. വെറും അഞ്ചുറണ്‍സെടുത്ത പാണ്ഡ്യയെ അതിമനോഹരമായ ഒരു പന്തിലൂടെ ഖലീല്‍ അഹമ്മദ് വിക്കറ്റ് കീപ്പര്‍ അഭിഷേക് പോറലിന്റെ കൈയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറെ കൂട്ടുപിടിച്ച് സുദര്‍ശന്‍ തകര്‍ത്തടിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തുകയും അര്‍ധസെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു.

എന്നാല്‍ 23 പന്തില്‍ 29 റണ്‍സെടുത്ത ശങ്കറിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മിച്ചല്‍ മാര്‍ഷ് ഈ കൂട്ടുകെട്ട് പൊളിച്ചു. ശങ്കറിന് പകരം ഡേവിഡ് മില്ലര്‍ ക്രീസിലെത്തി. മില്ലര്‍ വന്നതോടെ ഗുജറാത്ത് സടകുടഞ്ഞെഴുന്നേറ്റു. വെടിക്കെട്ട് പ്രകടനവുമായി മില്ലര്‍ കില്ലറായപ്പോള്‍ ഗുജറാത്ത് വിജയപ്രതീക്ഷകള്‍ ഉയര്‍ത്തി. മില്ലറെ സാക്ഷിയാക്കി സായ് സുദര്‍ശന്‍ ഐ.പി.എല്ലിലെ തന്റെ രണ്ടാം അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 44 പന്തുകളില്‍ നിന്നാണ് താരം അര്‍ധശതകം കുറിച്ചത്. പിന്നാലെ ഗുജറാത്ത് വിജയം സ്വന്തമാക്കി.

സുദര്‍ശന്‍ 48 പന്തുകളില്‍ നിന്ന് 62 റണ്‍സെടുത്തും മില്ലര്‍ 16പന്തുകളില്‍ നിന്ന് 31 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഡല്‍ഹിയ്ക്ക് വേണ്ടി ആന്റിച്ച് നോര്‍ക്യെ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദും മിച്ചല്‍ മാര്‍ഷും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആദ്യം ബാറ്റുചെയ്ത ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. 37 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും പൃഥ്വി ഷായും ചേര്‍ന്ന് നല്‍കിയത്. 2.3 ഓവറില്‍ ടീം സ്‌കോര്‍ 29 റണ്‍സിലെത്തിയിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ പൃഥ്വി ഷായെ മടക്കി മുഹമ്മദ് ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ വന്ന മിച്ചല്‍ മാര്‍ഷിന് ഈ മത്സരത്തിലും തിളങ്ങാനായില്ല. വെറും നാല് റണ്‍സ് മാത്രമെടുത്ത മാര്‍ഷിനെ ഷമി ബൗള്‍ഡാക്കി. മാര്‍ഷിന്റെ ബാറ്റില്‍ തട്ടിയ പന്ത് വിക്കറ്റ് പിഴുതു.

നാലാമനായി ക്രീസിലെത്തിയ സര്‍ഫറാസ് ഖാനെ കൂട്ടുപിടിച്ച് വാര്‍ണര്‍ ടീമിനെ വലിയ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 50 കടത്തി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന വാര്‍ണര്‍ അപകടകാരിയാകുമെന്ന് തോന്നിച്ചെങ്കിലും താരത്തിനെ മടക്കി അല്‍സാരി ജോസഫ് ഡല്‍ഹിയ്ക്ക് വീണ്ടും തിരിച്ചടി സമ്മാനിച്ചു. വാര്‍ണറുടെ വിക്കറ്റ് തെറിപ്പിച്ച് അല്‍സാരി ഗുജറാത്തിന് ആശ്വാസം പകര്‍ന്നു. 32 പന്തില്‍ 37 റണ്‍സെടുത്ത് ഡല്‍ഹി നായകന്‍ മടങ്ങി. തൊട്ടടുത്ത പന്തില്‍ അപകടകാരിയായ റിലി റൂസ്സോയെയും മടക്കി അല്‍സാരി ജോസഫ് കൊടുങ്കാറ്റായി മാറി. അല്‍സാരിയുടെ പന്തില്‍ റൂസ്സോയെ തകര്‍പ്പന്‍ ക്യാച്ചിലൂടെ രാഹുല്‍ തെവാട്ടിയയാണ് പുറത്താക്കിയത്. ഇതോടെ ഡല്‍ഹി 67 ന് നാല് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച സര്‍ഫ്രാസ് ഖാനും അരങ്ങേറ്റതാരം അഭിഷേക് പോറലും ചേര്‍ന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 100 കടത്തി. എന്നാല്‍ റാഷിദ് ഖാനെ കൊണ്ടുവന്ന നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 11 പന്തില്‍ 20 റണ്‍സെടുത്ത പോറലിലെ റാഷിദ് രണ്ടാം പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡാക്കി.

പിന്നാലെ വന്ന അക്ഷര്‍ പട്ടേലിനെ കൂട്ടുപിടിച്ച സര്‍ഫറാസ് സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും താരത്തിനെയും മടക്കി റാഷിദ് ഖാന്‍ ഡല്‍ഹിയ്ക്ക് തിരിച്ചടി സമ്മാനിച്ചു. 34 പന്തില്‍ 30 റണ്‍സെടുത്ത സര്‍ഫറാസ് ജോഷ്വ ലിറ്റിലിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ വന്ന അമന്‍ ഹക്കിം ഖാനെയും മടക്കി റാഷിദ് തന്റെ മൂന്നാം വിക്കറ്റെടുത്തു. വെറും എട്ട് റണ്‍സാണ് അമന്റെ സമ്പാദ്യം.

അക്ഷര്‍ പട്ടേലിന്റെ അവസാന ഓവറിലെ വെടിക്കെട്ട് പ്രകടനം ടീം സ്‌കോര്‍ 150 കടത്തി. എന്നാല്‍ അവസാന ഓവറിലെ മൂന്നാം പന്തില്‍ ഷമി അക്ഷറിനെ മടക്കി. 22 പന്തില്‍ 36 റണ്‍സെടുത്ത അക്ഷര്‍ സിക്‌സടിക്കാനുള്ള ശ്രമത്തിനിടെ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. നാല് റണ്‍സെടുത്ത ആന്റിച്ച് നോര്‍ക്യെയും ഒരു റണ്ണുമായി കുല്‍ദീപ് യാദവും പുറത്താവാതെ നിന്നു.

ഗുജറാത്തിനുവേണ്ടി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments