Friday, September 20, 2024

തോട്ടം ശിവകരൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായി സ്ഥാനമേറ്റു

ഗുരുവായൂർ: സാമവേദാചാര്യൻ തോട്ടം മനയ്ക്കൽ ഡോ. ശിവകരൻ നമ്പൂതിരി (58) ഗുരുവായൂർക്ഷേത്രം മേൽശാന്തിയായി ഇന്നലെ രാത്രി സ്ഥാനമേറ്റു. സെപ്‌റ്റംബർ 30 വരെയാണ് കാലാവധി. ക്ഷേത്രത്തിൽ പന്ത്രണ്ടുദിവസം ഭജനമിരുന്നശേഷമാണ് സ്ഥാനമേറ്റത്.

വെള്ളിയാഴ്ച അത്താഴപ്പൂജയും തൃപ്പുകയും കഴിഞ്ഞ് നട അടയ്ക്കുന്നതിനുമുമ്പായിരുന്നു മേൽശാന്തിമാറ്റച്ചടങ്ങ്. മേൽശാന്തിയായിരുന്ന ഡോ. കക്കാട് കിരൺ ആനന്ദ് നമ്പൂതിരി ശ്രീലകമുന്നിൽ നമസ്കാരമണ്ഡപത്തിൽ സ്ഥാനചിഹ്നമായ താക്കോൽക്കൂട്ടം വെള്ളിക്കുംഭത്തിൽ സമർപ്പിച്ച് സ്ഥാനമൊഴിഞ്ഞു. ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് സ്ഥാനചിഹ്നം ശിവകരൻ നമ്പൂതിരിക്ക് നൽകി. അദ്ദേഹം ശ്രീലകത്തുകയറി സ്ഥാനചിഹ്നം സമർപ്പിച്ച് തൊഴുത് മേൽശാന്തിയായി. മുഖ്യതന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണസമിതിയംഗം സി. മനോജ്, ഡെപൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. മനോജ്കുമാർ എന്നിവർ പങ്കെടുത്തു. പുറപ്പെടാശാന്തിയായി ആറുമാസം വ്രതശുദ്ധിയിൽ ശിവകരൻ നമ്പൂതിരി ക്ഷേത്രത്തിൽത്തന്നെ താമസിച്ച് ചടങ്ങുകൾ നിർവഹിക്കും.

മേൽശാന്തി സ്ഥാനമില്ലെങ്കിലും കക്കാട് കിരൺ ആനന്ദ് നമ്പൂതിരി ക്ഷേത്ര ഓതിക്കനായതിനാൽ ഗുരുവായൂരപ്പനെ പൂജിയ്ക്കാൻ ശ്രീലകത്ത് കയറാൻ കഴിയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments