Saturday, November 23, 2024

ഡോക്ടറെന്ന വ്യാജേന ചികിത്സ; ചാവക്കാട് സ്വദേശിയുടെ പരാതിയിൽ യുവതിയും സുഹൃത്തും പിടിയിൽ

ചാവക്കാട്: ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ. തിരുവനന്തപുരം മടത്തറ ഹിസാന മൻസിലിൽ 46 വയസുള്ള സോഫിമോൾ, സുഹൃത്ത് കുറ്റ്യാടി നീളംപാറ 55 വയസുള്ള ബഷീർ എന്നിവരാണു പിടിയിലായത്. ചാവക്കാട് സ്വദേശി നൽകിയ പരാതിയിലാണ് തിരൂർ പൂക്കയിൽനിന്ന് ഇവരെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമം വഴി ആളുകളെ ആകർഷിച്ചാണു ചികിത്സയ്ക്ക് എത്തിച്ചിരുന്നത്. സോറിയാസിസ്, മറ്റു ചികിത്സകൊണ്ട് മാറാത്ത മുറിവുകൾ, മൈഗ്രെയ്ൻ എന്നിവയ്ക്കുള്ള പ്രകൃതിചികിത്സയാണ് നൽകിയിരുന്നത്. ചാവക്കാട് സ്വദേശിയായ 35 വയസ്സുകാരൻ മൈഗ്രെയ്ൻ ചികിത്സയ്ക്ക് എണ്ണ പുരട്ടിയതോടെ കണ്ണിനു രോഗങ്ങൾ വന്നു. അന്വേഷണത്തിൽ ഇവർ തിരൂർ പൂക്കയിൽ ചികിത്സ നടത്തുന്നുണ്ടെന്ന് അറിഞ്ഞതോടെ തുടർ ചികിത്സയ്ക്കെന്ന പേരിൽ പൊലീസുമായെത്തി പ്രതികളെ പിടികൂടുകയായിരുന്നു. യുവതി ഡോക്ടറല്ലെന്നും ഒരു റജിസ്ട്രേഷനുമില്ലാതെയാണു ചികിത്സ നടത്തിയതെന്നും പൊലീസ് പറഞ്ഞു. തിരൂർ എസ്.ഐമാരായ പ്രദീപ് കുമാർ, ശശി, ഹരിദാസ്, എ.എസ്.ഐ പ്രതീഷ്കുമാർ, സിപിഒമാരായ അരുൺ, ദിൽജിത്ത്, രമ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments