അതിരപ്പിള്ളി: ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെയും അമ്മ ആനയേയും തുമ്പൂർമുഴിയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് മൂന്നോടെ ചാലക്കുടിപ്പുഴ കടക്കുകയായിരുന്നു ആനക്കുട്ടിയും അമ്മയും. പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ മാസങ്ങൾക്കു മുൻപ് കണ്ടെത്തിയ ആനക്കൂട്ടത്തിലാണ് തുമ്പിക്കൈ ഇല്ലാത്ത ആനക്കുട്ടിയെ കണ്ടെത്തിയിരുന്നത്.
വാർത്ത വന്നതിനെ തുടർന്ന് ആനക്കുട്ടിയെ കണ്ടെത്തി പരിശോധിക്കാൻ വനംവകുപ്പ് ശ്രമം ആരംഭിച്ചിരുന്നു. ആനക്കുട്ടിക്കായി വനപാലകരുടെ സംഘം ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നെങ്കിലും ആനക്കുട്ടിയെ കണ്ടെത്തിയിരുന്നില്ല.
ഒരു ദിവസം തുമ്പൂർമുഴിയിൽ ആനമല റോഡ് മുറിച്ചു കടക്കുന്ന ആനക്കൂട്ടത്തിൽ ഈ ആനക്കുട്ടിയെ ബസ് യാത്രക്കാർ കണ്ടിരുന്നു. പിന്നീട് ഏറെനാളിനു ശേഷമാണ് ആനക്കുട്ടിയെ കണ്ടെത്തുന്നത്.