Sunday, November 24, 2024

ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി, ആത്മസായൂജ്യം നേടി പതിനായിരങ്ങൾ; ഗുരുവായൂർ ഉത്സവത്തിന് കൊടിയിറങ്ങി

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ സമാപനം കുറിച്ച് ഭഗവാൻ രുദ്രതീര്‍ത്ഥത്തിലാറാടി. വിഗ്രഹത്തില്‍ മഞ്ഞള്‍പൊടി, ഇളനീര്‍ എന്നിവകൊണ്ട് അഭിഷേകംചെയ്ത് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മകൻ കൃഷ്ണൻ നമ്പൂതിരിപ്പാട്, പാപനാശിനീ സൂക്തം ജപിച്ച് ഭഗവാന്റെ പഞ്ചലോഹതിടമ്പ് മാറോട്‌ചേര്‍ത്ത് രുദ്രതീര്‍ത്ഥത്തില്‍ ഇറങ്ങി സ്‌നാനം ചെയ്തു. ഭഗവാന്റെ ആറാട്ട് പൂര്‍ത്തിയായതോടെ പതിനായിരങ്ങൾ സ്‌നാനം നടത്തി ആത്മസായൂജ്യംനേടി.

 വൈകീട്ട് ആറാട്ട് എഴുന്നള്ളിപ്പിനായി ശ്രീഗുരുവായൂരപ്പന്‍ ഗ്രാമപ്രദക്ഷിണത്തിനിറങ്ങി. വൈകീട്ടത്തെ ദീപാരാധനക്ക് ശേഷം മാണ് ആഞ്ചാനകളോടേയുള്ള എഴുന്നെള്ളിന് കൊമ്പന്‍ നന്ദന്‍ ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റി. ഗോപാലകൃഷ്ണന്‍, രവീകൃഷ്ണന്‍, ഗോകുല്‍, ദാമോദര്‍ദാസ് എന്നീകൊമ്പന്മാര്‍ പറ്റാനകളായി. ഇന്നലെയും കൊടിമരത്തറക്ക് സമീപംവെച്ച് നടന്ന ദീപാരാധന, ശാന്തിയേറ്റ കീഴ്ശാന്തി കൊടയ്ക്കാട് കേശവന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. തുടര്‍ന്നാണ് ഭഗവാന്‍ ഗ്രാമപ്രദക്ഷിണത്തിനായി പുറത്തിറങ്ങിയത്. ചോറ്റാനിക്കര വിജയനും, പറയ്ക്കാട് തങ്കപ്പനും, കോങ്ങാട് മധുവും ചേര്‍ന്നൊരുക്കിയ പഞ്ചവാദ്യത്തിന്റെ നാദതിമര്‍പ്പില്‍ എഴുന്നെള്ളിയ ശ്രീഗുരുവായൂരപ്പനെ നിറപറയും, നിലവിളക്കും വെച്ച് ഭക്ത്യാദരവോടെ നാടും, നഗരവും സ്വീകരിച്ചു.

ക്ഷേത്രകുളത്തിന് വടക്കുഭാഗത്തുവെച്ച് പഞ്ചവാദ്യം അവസാനിച്ച് മേളമാരംഭിച്ചു. പെരുവനം കുട്ടന്‍ മാരാരുടെ മേളത്തോടുകൂടിയ ഭഗവാന്റെ തിരുവെഴുന്നെള്ളത്തിന്റെ പ്രദക്ഷിണം കഴിഞ്ഞ് ഭഗവതി ക്ഷേത്രത്തിലൂടേയാണ് ഭഗവാന്‍ ആറാട്ട് കടവിലെത്തിയത്. ആറാട്ടുകുളി കഴിഞ്ഞശേഷം ഭഗവാന്‍ പിടിയാനപുറത്ത് കയറി 11-ഓട്ടപ്രദക്ഷിണം ചെയ്ത്, കൊടിമരചുവട്ടിലെ പൂജകള്‍ക്ക് ശേഷം തന്ത്രി സ്വര്‍ണ്ണധ്വജത്തില്‍ നിന്നും സപ്തവര്‍ണ്ണകൊടി ഇറക്കിയതോടെ, 10-ദിവസംനീണ്ടുനിന്ന ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് സമാപ്തിയായി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments