Friday, September 20, 2024

പള്ളിവേട്ട കഴിഞ്ഞു, ഇന്ന് ആറാട്ട്; ഗുരുവായൂർ ഉത്സവത്തിന് രാത്രി കൊടിയിറങ്ങും

ഗുരുവായൂർ: ഗുരുവായൂരിൽ പത്ത് നാളത്തെ ക്ഷേത്രോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് ആറാട്ട്. രാത്രി നടക്കുന്ന ആറാട്ട് ചടങ്ങുകളോടെ ഈ വർഷത്തെ ഗുരുവായൂർ ഉത്സവം കൊടിയിറങ്ങും. ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. പക്ഷിമൃഗാദികളുടെ വേഷമണിഞ്ഞോടുന്ന ഭക്തർക്ക് പുറകിൽ ആനപ്പുറത്ത് ഭഗവാൻ വേട്ടക്കിറങ്ങുന്നു എന്ന സങ്കൽപ്പത്തിലായിരുന്നു പള്ളിവേട്ട. ഒറ്റച്ചെണ്ട, ശംഖ്, ചേങ്ങില എന്നിവ അകമ്പടിയായി. ഒമ്പത് പ്രദക്ഷിണത്തിന് ശേഷം പന്നിയെ ആചാരപ്രകാരം അമ്പെയ്തു വീഴ്ത്തിയതോടെ ചടങ്ങുകൾ പൂർത്തിയാക്കി.

നമസ്കാര മണ്ഡപത്തിലൊരുക്കിയ വെള്ളികട്ടിലിലെ പട്ടുമെത്തയിൽ തന്ത്രിയുടെ നേതൃത്വത്തിൽ പള്ളിയുറക്കത്തിന്റെ കർമങ്ങൾ നടന്നു. രാവിലെ പള്ളിക്കുറുപ്പുണർത്തലോടെയാണ് ആറാട്ട് ചടങ്ങുകൾ ആരംഭിക്കുക. കണിക്കോപ്പുകളും പശുക്കിടാവിനേയും ക്ഷേത്രത്തിൽ ഒരുക്കും. ആറാട്ട് നാളിൽ ശ്രീകോവിലിൽ നിർമാല്യ ദർശനവും വാകച്ചാർത്തും ഇല്ല. രാവിലെ എട്ടോടെ ശ്രീലകത്തേക്ക് എഴുന്നള്ളിച്ച ശേഷമേ ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കൂ.

വൈകീട്ട് 4.30ഓടെ തന്ത്രി പഞ്ചലോഹ വിഗ്രഹം കൊടിമരത്തിന് സമീപം പഴുക്കാമണ്ഡപത്തിൽ എഴുന്നള്ളിച്ച് വെക്കും. അവിടെയാണ് ദീപാരാധന. ദീപാരാധനക്ക് ശേഷം സ്വർണക്കോലം എഴുന്നള്ളിച്ചുള്ള ഗ്രാമപ്രദക്ഷിണം. എഴുന്നള്ളിപ്പിന് ആദ്യം അകമ്പടിയാകുന്ന പഞ്ചവാദ്യം ക്ഷേത്രക്കുളത്തിന്റെ വടക്കു ഭാഗത്ത് അവസാനിക്കും. പിന്നീട് മേളമാണ്. പ്രദക്ഷിണം കഴിഞ്ഞ് വിഗ്രഹവുമായി ഭഗവതി ക്ഷേത്രത്തിലൂടെ ആറാട്ട് കടവിലെത്തും. പുണ്യാഹത്തിനു ശേഷം വിഗ്രഹത്തിൽ മഞ്ഞൾപ്പൊടി കൊണ്ടും തുടർന്ന് വലിയ കുട്ടകത്തിൽ തയ്യാറാക്കിയ ഇളനീർ കൊണ്ടും അഭിഷേകം നടത്തും. തുടർന്ന് തന്ത്രി വിഗ്രഹവുമായി തീർഥക്കുളത്തിലിറങ്ങും. തുടർന്ന് ഭക്തരും ആറാട്ട് നടത്തും. ക്ഷേത്രത്തിലെ ഇടത്തരികത്തുകാവിലെ വാതിൽ മാടത്തിൽ ഉച്ചപ്പൂജക്കു ശേഷം വിഗ്രഹവുമായി ആനപ്പുറത്ത് കയറി പതിനൊന്ന് ഓട്ടപ്രദിക്ഷണം. അതിനുശേഷം തന്ത്രി കൊടിയിറക്കുന്നതോടെ പത്ത് നാൾ നീണ്ട ഉത്സവത്തിന് സമാപ്തിയാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments