തൃശൂർ: ചിറക്കലിലെ സദാചാര ആക്രമണത്തിൽ ബസ് ഡ്രൈവർ മരിച്ച സംഭവത്തിൽ പ്രതികളിൽ ഒരാൾക്ക് രക്ഷപ്പെടാൻ സഹായം നൽകിയ രണ്ടുപേർ പിടിയിൽ. ചേർപ്പ് പടിഞ്ഞാറ്റുമുറി അത്തിക്കൽ വീട്ടിൽ 20 വയസുള്ള സുഹൈൽ, പടിഞ്ഞാറ്റുമുറി അത്തിക്കൽ വീട്ടിൽ 25 വയസ്സുള്ള ഫൈസൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഉൾപ്പെട്ട അമീറിനെ രക്ഷപ്പെടാൻ സഹായം ചെയ്ത സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്. അതേസമയം ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളെപ്പോലും പോലീസിന് ഇതുവരെ പിടികൂടാൻ ആയിട്ടില്ല. തൃശൂർ – തൃപ്രയാർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവറായ ചേർപ്പ് ചിറക്കല്‍ സ്വദേശി 32 വയസ്സുള്ള സഹറിനെയാണ് സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അർധരാത്രിയായിരുന്നു സഹർ ആക്രമണത്തിന് ഇരയായത്. സഹറിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ ക്ഷേത്രത്തിലെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. കുറുമ്പിലാവ് സ്വദേശികളായ രാഹുല്‍ ,
വിജിത്ത് , വിഷ്ണു, ഡീനോ, അഭിലാഷ്,
അമീര്‍, അരുണ്‍, കാറളം സ്വദേശി ജിഞ്ചു എന്നിവരും കണ്ടാലറിയാവുന്ന രണ്ട് പേരുമാണ് പോലീസിന്റെ പ്രതിപ്പട്ടികയിലുള്ളത്. ഇതില്‍ രാഹുല്‍ വിദേശത്തേക്ക് കടന്നതായും സൂചനയുണ്ട്. സഹർ വനിത സുഹൃത്തിനെ കാണാന്‍ പോയതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് ക്രൂര മര്‍ദ്ദനത്തില്‍ കലാശിച്ചത്.