അകലാട്: തീരമേഖലയിൽ വിൽപ്പനക്കായി കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. എടക്കഴിയൂർ തെക്കേ മദ്രസ ബീച്ചിൽ താമസിക്കുന്ന ചിന്നക്കൽ ഷാഫി (34), ഇയാളുടെ സഹായി അകലാട് മൂന്നയിനി കാര്യാടത്ത് റഫീഖ് (32) എന്നിവരേയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ അകലാട് മൂന്നൈനിയിലുള്ള റഫീഖിൻ്റെ വീട്ടിൽ വെച്ചാണ് ഇരുവരും പിടിയിലായത്. മേഖലയിൽ പതിവ് കഞ്ചാവ് വില്പന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ ഷാഫി. കഴിഞ്ഞ ജൂലൈയിൽ ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽ നിന്ന് 16 കിലോ കഞ്ചാവ് കടത്താനുള്ള ശ്രമത്തിൽ പിടിയിലായ ഇയാൾ മൂന്ന് മാസം മുമ്പാണ് ജയിലിൽ നിന്ന് മോചിതനായത്. തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്ന ഷാഫി കഞ്ചാവ് വാങ്ങി ബുള്ളറ്റിൽ പോകുന്നുണ്ടെന്ന വിവരമറിഞ്ഞാണ് എസ്.ഐ അബ്ദുൽ ഹഖീമും സംഘവും ഇയാളെ പിന്തുടർന്നത്. അകലാട്, അണ്ടത്തോട് മേഖലയിൽ വർഷങ്ങളായി കഞ്ചാവ് വില്പനയുമായി കഴിയുന്ന ഷാഫി പലവട്ടം പിടിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ അകലാട് മേഖലയിൽ നിന്ന് 25 കിലോയോളം കഞ്ചാവാണ് എസ്.ഐമാരായ ഹക്കീമും പ്രദീപ് കുമാറും ഉൾപ്പെടുന്ന സംഘം പിടികൂടിയിട്ടുള്ളത്.