ആലത്തൂർ: പാടൂർ വേലയ്ക്കിടെ തിടമ്പാന തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ വിരണ്ടോടിയതിനെത്തുടർന്നു പാപ്പാനടക്കം 7 പേർക്കു പരുക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണു സംഭവം. പകൽ എഴുന്നള്ളത്തിനുശേഷം ആനകളെ പന്തലിൽ നിന്നു മന്ദിലേക്കു കൊണ്ടുപോകുന്നതിനിടയിലാണു സംഭവം. പിന്നിലുള്ള ആന തട്ടിയതിനെത്തുടർന്നു രാമചന്ദ്രൻ ഓടിയതായാണു വിവരം. ആനയെ നിയന്ത്രിക്കുന്നതിനു പിന്നാലെ ഓടിയ പാപ്പാൻ നെന്മാറ സ്വദേശി രാമനു(60) വീണു പരുക്കേറ്റു. പരിഭ്രാന്തരായി ഓടുന്നതിനിടെ തിരക്കിൽപെട്ട് ഉത്സവത്തിനെത്തിയ ആറു പേർക്കും പരുക്കേറ്റിട്ടുണ്ട്. 5 പേരെ താലൂക്ക് ആശുപത്രിയിലും 2 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
താലൂക്ക് ആശുപത്രിയിൽനിന്ന് പാപ്പാൻ ഉൾപ്പെടെ രണ്ടുപേരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും ഒരാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും മാറ്റി. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ പാടൂർ തെക്കേത്തറ രാധിക (45), അനന്യ (12) എന്നിവരെ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം വിട്ടു. മുന്നോട്ടോടിയ ആന അടുത്തുള്ള വീടിനു മുന്നിൽ നിന്നു. ആനയെ തളച്ചശേഷം പിന്നീട് തൃശൂരിലേക്കു കൊണ്ടുപോയി. എലിഫന്റ് സ്ക്വാഡും ആലത്തൂർ പൊലീസും സ്ഥലത്തുണ്ടായിരുന്നു. ഉത്സവച്ചടങ്ങുകൾക്കു തടസ്സമുണ്ടായില്ലെന്നു ഭാരവാഹികൾ അറിയിച്ചു.