Friday, September 20, 2024

കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തുന്നുവെന്ന പ്രചരണം നടത്തികോൺഗ്രസ്സ്, ലീഗ് നേതൃത്വം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എൻ.കെ അക്ബർ എം.എൽ.എ

ചാവക്കാട്: കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രത്തെ തരംതാഴ്ത്തുന്നുവെന്നും ഡോക്ടർമാരെ വെട്ടിക്കുറക്കുന്നുവെന്നും പ്രചരണം നടത്തി കടപ്പുറത്തെ കോൺഗ്രസ്സ്, ലീഗ് നേതൃത്വം  ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് എൻ.കെ അക്ബർ എം.എൽ.എ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി കുടുംബാരോഗ്യകേന്ദ്രമായി മാറി കൊണ്ടിരിക്കുകയാണ്. ഇതു പ്രകാരം മണ്ഡലത്തിലെ വടക്കേക്കാട്, കടപ്പുറം സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറും. കേന്ദ്ര – സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തിൽ ഫീൽഡ് ചുമതലകൾ നോക്കുന്നതിന് ഒരു കുടുംബാരോഗ്യ കേന്ദ്രത്തെ ചുമതലപ്പെടുത്തേണ്ടതുണ്ട്. ഇത് പ്രകാരം പകർച്ചവ്യാധി പ്രതിരോധം ഏകോപിപ്പിക്കുന്നതിന് വടക്കേക്കാട് സി.എച്ച്.സിയെ ചുമതലപ്പെടുത്തുക മാത്രമാണ് ചെയ്തിട്ടുള്ളത്. വടക്കേക്കാട് സി.എച്ച്.എസിയെ മേൽ ചുമതല ഏൽപ്പിച്ചത് വഴി ബ്ലോക്ക് പഞ്ചായത്തിന് ബ്ലോക്ക് പഞ്ചായത്തിനകത്തെ മുഴുവൻ പ്രദേശത്തെയും പകർച്ചവ്യാധി പ്രതിരോധമടക്കമുള്ള പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ ഒരു കുടക്കീഴിൽ ചെയ്യാൻ കഴിയും. വർഷങ്ങളായി ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള ആരോഗ്യ പദ്ധതികൾ നടപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് ചുമതല നൽകിയിട്ടുള്ളത്
വടക്കേക്കാട് സി.എച്ച്.സിയെയാണ്. ഇപ്രകാരം ഏകോപിപ്പിക്കുന്നത് കൊണ്ട് കടപ്പുറം സി.എച്ച്.സിയിൽ ഡോക്ടർമാരുടെ കുറവോ ആരോഗ്യ പ്രവർത്തകരുടെ കുറവോ ഉണ്ടാകുന്നതല്ല. ആശുപത്രിയുടെ പ്രവർത്തനത്തിനോ പാലിയേറ്റീവ് അടക്കമുള്ള ആശുപത്രിയുടെ പ്രവർത്തനത്തിനോ യാതൊരു ഭംഗവും ഉണ്ടാവില്ല. മാത്രമല്ല കടപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തെ സ്പെഷ്യലൈസ്ഡ് ആശുപത്രിയാക്കി മാറ്റി കിടത്തി ചികിത്സ നൽകുന്നതിനും കൂടുതൽ ഡോക്ടർമാരുടെ സേവനം കൊണ്ടുവരുന്നതിനുമുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി 79 ലക്ഷം രൂപ ചെലവഴിച്ച് ഐസൊലേഷൻ വാർഡ് സ്ഥാപിക്കുന്നതിന് നമ്മുടെ മണ്ഡലത്തിൽ കടപ്പുറം സി.എച്ച്.സിയെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിന്റെ നിർമ്മാണം അതിവേഗത്തിൽ നടന്നുവരികയാണ്. കടപ്പുറം ആശുപത്രി എല്ലാ സൗകര്യങ്ങളോടും കൂടിയ കിടത്തി ചികിത്സയുള്ള സ്പെഷ്യലൈസ്ഡ് ആശുപത്രിയായി മാറുന്നുവെന്നത് മറയ്ക്കാനാണ് പുതിയ അസത്യപ്രചരണവുമായി ഇക്കൂട്ടർ രംഗത്തിറങ്ങിയിട്ടുള്ളത്. വസ്തുത വിരുദ്ധമായ പ്രചരണങ്ങളുമായി വരുന്ന ഇത്തരക്കാരുടെ കള്ള പ്രചരണങ്ങൾ തള്ളിക്കളയണമെന്ന് എം.എൽ.എ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments