ഗുരുവായൂർ: ഗുരുവായൂരിൽ മകരമാസത്തിലെ വിവാഹത്തിരക്കൊഴിഞ്ഞു. ഞായറാഴ്ച 127 വിവാഹങ്ങളാണ് നടന്നത്. തിരക്ക് കണക്കിലെടുത്ത് ദേവസ്വത്തിന്റെ മുൻകൂട്ടിയുള്ള ആസൂത്രണങ്ങൾ കാരണം വലിയ തിരക്കില്ലാതെയാണ് ചടങ്ങുകൾ നടന്നത്. ദർശനത്തിനുള്ളവർക്ക് കിഴക്കേനടയിൽ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിന്റെ സമീപത്താണ് വരി ഏർപ്പെടുത്തിയത്. ഇതുകൊണ്ട് കല്യാണത്തിനെത്തിയവർക്ക് തടസ്സമുണ്ടായില്ല.
വധുവരൻമാരേയും നിശ്ചിത എണ്ണം ബന്ധുക്കളേയും ഊഴമനുസരിച്ച് കൃത്യമായി മണ്ഡപങ്ങളുടെ അടുത്തെത്തിച്ചതിനാൽ തിരക്ക് പ്രകടമായില്ല. ഞായറാഴ്ച ദർശനത്തിനും നല്ല തിരക്കായിരുന്നു. 642 ചോറൂൺ വഴിപാടുണ്ടായിരുന്നു. 68 ലക്ഷത്തോളം രൂപയാണ് വഴിപാടിനത്തിൽ ഒറ്റ ദിവസം കൊണ്ട് ലഭിച്ചത്. പ്രത്യേക ദർശനത്തിനുള്ള നെയ്‌വിളക്കിന്റെ വകയിൽ 18 ലക്ഷത്തിലേറെ രൂപ ലഭിച്ചു.