വടക്കേകാട്: നാലുവയസുകാരി വെട്ടേറ്റ് മരിച്ച സംഭവത്തിൽ യുവാവിനെ ഒന്നര വർഷത്തിന് ശേഷം വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ബന്ധു ചേറ്റിയാട്ടയിൽ സുകുമാരന്റെ മകൻ സുധീഷിനെ (25)യാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. കച്ചേരിപടി – ചെറ്റിയാട്ടയിൽ പരേതയായ നിത്യയുടെ മകൾ ആദിലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ ആറാം പ്രതിയായ ഇയാളെ എസ്ഐമാരായ കെ.പ്രദീപ് കുമാർ, പി.അബ്ദുൽ ഹക്കീം, എസ്ഐ ടി.എ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതി ലോക്സഡൗണിനെ തുടർന്നാണ് നാട്ടിലെത്തിയത്. 2018 നവംബർ 7 നു രാത്രി 11 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിനിടെയുണ്ടായ കൂട്ടത്തല്ലിനിടെ കൈക്കൊട്ടുകൊണ്ട് ആദി ലക്ഷ്മിക്ക് വെട്ടേൽക്കുകയായിരുന്നു. സംഭവത്തിൽ കുട്ടിയുടെ മുത്തച്ഛൻ ഉൾപ്പെടെ 5 പേരെ പിറ്റേന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. കുന്നംകുളം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.