Wednesday, May 27, 2026

ഗുരുവായൂരിനെ ക്ലീനാക്കാൻ യന്തിരനെത്തി

ഗുരുവായൂർ: അഴുക്കുചാലിൽ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടോയെന്നറിയാൻ ഇനി ആൾനൂഴികളിലൂടെ ഇറങ്ങിനോക്കണ്ട. വെള്ളം പുറത്തേക്ക് പൊങ്ങിവരുന്നുണ്ടോയെന്ന് പരിശോധിക്കാനും കഷ്ടപ്പെടേണ്ട. ഇതൊക്കെ നേരാംവണ്ണം നോക്കാൻ ശേഷിയുള്ള യന്തിരൻ എത്തിയിട്ടുണ്ട്. ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ഭാഗമായാണ് രണ്ട് അത്യാധുനികയന്ത്രങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. അപകടകരമായ പഴഞ്ചൻ രീതികളെല്ലാം മാറ്റി പുത്തൻ സംവിധാനങ്ങളിലേക്ക് മാറിയിരിക്കുകയാണ് ജല അതോറിറ്റി.

‘റോബോട്ടിക് യന്ത്രവും ‘ജെറ്റിക്’ യന്ത്രവുമാണ് പുതിയ താരങ്ങൾ. അഴുക്കുചാലിലെ ഒഴുക്ക് തടസ്സപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുന്ന യന്ത്രമാണ് ജെറ്റിക്. വാഹനത്തിൽ കൊണ്ടുവന്ന് ആൾനൂഴികളുള്ള ഭാഗത്ത് നിർത്തും. വലിയൊരു വാട്ടർ ടാങ്കും വണ്ടിയിലുണ്ടാകും. 45 മീറ്റർ നീളമുള്ള പൈപ്പ്, ജെറ്റിക് യന്ത്രത്തിൽനിന്ന് ആൾനൂഴികളിലേക്കിറക്കും. കംപ്രസർ പ്രവർത്തിപ്പിക്കുന്നതോടെ വെള്ളം ആൾനൂഴിയിലേക്ക് കുതിച്ചിറങ്ങും. അടുത്തുള്ള ആറ് ആൾനൂഴികളിലേക്കുവരെ വെള്ളമിറങ്ങുന്നതോടെ അത്രയും ഭാഗത്ത് പ്രശ്‌നങ്ങളുണ്ടെങ്കിൽ അറിയാനാകും. കെട്ടിക്കിടക്കുന്ന മാലിന്യം കോരിയെടുക്കാനാണ് ‘റോബോട്ടിക് യന്ത്രം’. ഇതിന് രണ്ട് യന്ത്രക്കൈകളുണ്ടാകും.

അത്യാധുനിക സൗകര്യങ്ങളുള്ള റോബോട്ടിക് യന്ത്രവും ഗുരുവായൂരിലെത്തുന്നുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും മാത്രമാണ് ഇവയുള്ളതെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. രണ്ടിന്റെയും ഉദ്ഘാടനം അടുത്തയാഴ്ച നടക്കും. ജെറ്റിക് യന്ത്രം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി.

ബുധനാഴ്ച ഉച്ചയ്ക്ക് ഗുരുവായൂർ വടക്കേ ഇന്നർ റിങ് റോഡിലെ അഴുക്കുചാലിൽ ജെറ്റിക് പ്രവർത്തിപ്പിച്ചു. ജല അതോറിറ്റി അസി. എക്‌സിക്യുട്ടീവ് എൻജിനീയർ പ്രസാദ്, സൂപ്പർവൈസർ ബാവിൻ തുടങ്ങിയവരുണ്ടായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments