Friday, November 22, 2024

ലോകത്തെ അതിസമ്പന്നരുടെ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്

ന്യൂഡൽഹി: വെബ് ഡെസ്ക്
ബ്ലൂംബെർഗ് തയാറാക്കിയ ലോകത്തെ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തിൽ നിന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പുറത്ത്. ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന് കീഴിലെ കമ്പനികളുടെ ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ അദാനി പിന്നാക്കം പോയത്. ബ്ലൂംബർഗ് റിച്ചസ്റ്റ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന അദാനി നിലവിൽ 11ാം സ്ഥാനത്താണ്.

ഹിൻഡൻബർഗ് ഉന്നയിച്ച സാമ്പത്തിക തട്ടിപ്പ് ആരോപണത്തെ തുടർന്ന് മൂന്ന് ദിവസം കൊണ്ട് അദാനിക്ക് 34 ബില്യൺ യു.എസ് ഡോളറിന്‍റെ നഷ്ടമാണ് ഓഹരിവിപണിയിലുണ്ടായത്. നിലവിൽ 84.4 ബില്യൺ ഡോളറാണ് അദാനിയുടെ ആസ്തി. 82.2 ബില്യൺ ഡോളറിന്‍റെ ആസ്തിയുള്ള റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയാണ് അദാനിക്ക് പിന്നിൽ 12ാം സ്ഥാനത്തുള്ളത്. അദാനി ഓഹരികൾ ഇടിവ് തുടരുകയാണെങ്കിൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും.

ബ്ലൂംബർഗ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത് ആഢംബര ബ്രാൻഡായ ലൂയിസ് വിറ്റന്‍റെ ചെയർമാൻ ബെർനാഡ് ആർനോൾട്ടാണ്. രണ്ടാം സ്ഥാനത്ത് ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് മൂന്നും ബിൽ ഗേറ്റ്സ് നാലും സ്ഥാനത്തുണ്ട്.

ഗുരുതര ആരോപണങ്ങളാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോർട്ടിൽ അദാനിക്കെതിരെ ഉന്നയിച്ചത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരി വില വൻതോതിൽ ഇടിഞ്ഞത്.

ഹിൻഡൻബർഗ് റിപ്പോർട്ടിന് അദാനി മറുപടി നൽകിയെങ്കിലും തങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments