ചാവക്കാട്: സബ് ജയിൽ വളപ്പിലേക്ക് സമീപത്തെ സബ് രജിസ്ട്രാർ ഓഫീസ് പരിസരത്തെ മരക്കൊമ്പ് ഒടിഞ്ഞുവീണു. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് ചീനിമരത്തിന്റെ ഉണങ്ങിയ കൊമ്പുകളിലൊന്ന് ജയിൽ വളപ്പിലേക്ക് ഒടിഞ്ഞുവീണത്.
ജയിലിനകത്തെ അന്തേവാസിയെ സന്ദർശിക്കാൻ പോകുകയായിരുന്ന തമിഴ് സ്ത്രീ തലനാരിഴയിടയ്ക്കാണ് രക്ഷപ്പെട്ടത്. മരക്കൊമ്പ് വീഴുന്നതിന് തൊട്ടുമുമ്പാണ് സ്ത്രീ ജയിൽ പരിസരത്തേക്ക് കടന്നത്.
മരക്കൊമ്പ് വൈദ്യുതിക്കമ്പികളിലും മറ്റ് കേബിളുകളിലേക്കും വീണതോടെ സബ് രജിസ്ട്രാർ ഓഫീസിലെയും സബ് ജയിലിലെയും വൈദ്യുതിയും ഇന്റർനെറ്റ് കണക്ഷനും ലഭിക്കാതായി. ചീനിമരത്തിൽ വലിയ കൊമ്പുകൾ എതുനിമിഷവും വീഴുമെന്ന നിലയിൽ ഉണങ്ങിനിൽക്കുന്നുണ്ട്.
നഗരത്തിൽ ഇത്തരത്തിൽ അപകടഭീഷണിയായി നിൽക്കുന്ന മരങ്ങളിലെ കൊമ്പുകൾ വെട്ടിനീക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.